കുറവിലങ്ങാട് ദേവമാതാ കോളജിൽ റാങ്കുകളുടെ പെരുമഴകാലം സമ്മാനിച്ച് പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ് മെയ് 31ന് ദേവമാതായുടെ പടിയിറങ്ങുന്നു. അദ്ദേഹം പ്രിൻസിപ്പൽ ആയിരുന്ന മൂന്ന് വർഷത്തിനുള്ളിൽ ദേവമാതായിലെ വിദ്യാർത്ഥികൾ 56 യൂണിവേഴ്സിറ്റി റാങ്കുകൾ നേടി. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും പ്രത്യേകസാഹചര്യത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക യാത്രയയപ്പ് ചടങ്ങുകൾ ഇല്ല. കഴിഞ്ഞ വ്യഴാഴ്ച ഗൂഗിൾ മീറ്റ് ക്രമീകരിച്ച് തത്സമയ സംപ്രേക്ഷണത്തിലൂടെ അദ്ദേഹം വിടവാങ്ങൽ നടത്തിയിരുന്നു.പാഠ്യ പാഠ്യേതര മേഖലയിൽ അദ്ദേഹം വലിയ മുന്നേറ്റം ദേവമാതായ്ക്ക് സമ്മാനിച്ചു. കുട്ടിക്കാനം മരിയൻ കോളജ് വൈസ്പ്രിൻസിപ്പലായിരിക്കെയാണ് ഡോ. ജോജോ കെ. ജോസഫിനെ ദേവമാതാ കോളജിൽ പ്രിൻസിപ്പലായി നിയമിച്ചത്. കാമ്പസ് പ്ലേസ്മെന്റിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാനായി. എംഎ ഇക്കണോമെട്രിക്സ് എയ്ഡഡ് പ്രോഗ്രാം കോളജിന് ലഭിച്ചതും ഈ കാലയളവിലാണ്. റൂസ പദ്ധതിയിലൂടെ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയും വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയുള്ള നിരവധി പ്രോജക്ടുകളും കോളജിന് ലഭ്യമാക്കാനായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ധനസഹായത്തോടെ കോളജ് മാനേജ്മെന്റ് സോഫ്റ്റ്വെയർ യാഥാർഥ്യമാക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള കോളജ് ഓഫീസ് സമുച്ചയം, ഇ ലേണിംഗ് സെന്റർ, സ്വാശ്രയ വിഭാഗത്തിനായി പ്രത്യേക ബ്ലോക്ക് തുടങ്ങിയവ ഇക്കാലയളിവിലെ ചില നേട്ടങ്ങളാണ്. പ്രളയമേഖലയിലും കോവിഡ് തരംഗത്തിലും ദേവമാതായിലെ അധ്യാപക അനധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. എൻഎസ്എസ്, എൻസിസി എന്നിവയിലും നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞു. വിവിധ മത്സരങ്ങളിൽ സർവകലാശാലാതലത്തിലടക്കം വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയ വർഷങ്ങളായിരുന്നു കഴിഞ്ഞത്. നാക് പിയർ ടീം അംഗവും കൊമേഴ്സിൽ ഗവേഷണ ഗൈഡുമായ ഡോ. ജോജോ കെ. ജോസഫിന്റെ നേതൃത്വത്തിൽ ദേവമാതായിൽ നിരവധി അന്തരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കാനായി. കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബീനാമോൾ ജയിംസാണ് ഭാര്യ.സ്നേഹത്തോടെ യാത്രാമംഗളങ്ങൾ…