കുറവിലങ്ങാട് പള്ളിക്ക് 🙏മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം🙏 എന്ന പദവി ലഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. സീറോ മലബാർസഭയിൽ ഇതുവരെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയമെന്ന പദവി നേടിയ ഒരേയൊരു ദേവാലയമാണ് കുറവിലങ്ങാട് ഇടവക ദേവാലയം. 2018 ജനുവരി 21 നാണ് കുറവിലങ്ങാട് പള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയമായി പ്രഖ്യാപിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് സഭയിൽ ഒരു ദേവാലയത്തിനു നൽകുന്ന പരമോന്നത പദവി പ്രഖ്യാപിച്ചത്. സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായും കുറവിലങ്ങാട് പള്ളിയെ അന്നു ഉയർത്തിയിരുന്നു…⛪️
നവീകരണം നടത്തിയ കുറവിലങ്ങാട് പള്ളിയുടെ വെഞ്ചരിപ്പ് ചടങ്ങിനെത്തിയപ്പോൾ ആയിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രഖ്യാപനം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പദവിപ്രഖ്യാപന വാർഷികദിനമായ ഇന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിലിന്റെ കാർമികത്വത്തിൽ ഇടവകജനം പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കുചേരും.
ജനുവരി 26 (അടുത്ത) ശനിയാഴ്ച വൈകുന്നേരം 6.15 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം കുറവിലങ്ങാട് പള്ളിയിലെത്തുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്ലൈഹിക ആശീർവാദം നൽകും. 26, 27 തീയതികളിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം കുറവിലങ്ങാട് ദേവാലയത്തിൽ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കും.