കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്റെ ജനനത്തിരുനാളും നാളെയാണ്. പ്രധാന തിരുനാൾ ദിനമായ നാളെ (സെപ്റ്റംബർ 8 ശനി) രാവിലെ 7.00 ന് തിരുക്കർമങ്ങൾ, പൊതുമാമ്മോദീസാ, 9.30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 11.00 ന് മേരി നാമധാരി സംഗമം. 11.30 ന് ജപമാല പ്രദക്ഷിണം.
ജനനത്തിരുനാളിന്റെ ഭാഗമായി നാളെ മേരിനാമധാരി സംഗമം നടക്കും. രാജ്യത്തുതന്നെ ഏറ്റവും കുടൂതൽ മേരിമാർ ഒരുമിക്കുന്നുവെന്നതിലൂടെ കുറവിലങ്ങാട്ടെ മേരിനാമധാരി സംഗമം ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. നാളെ 11നാണ് മേരിനാമധാരി സംഗമം. മറിയം, അമല, മേരി, നിർമ്മല, വിമല, മരിയ തുടങ്ങി മാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിലെത്തുന്നത്. ക്രൈസ്തവ പാരമ്പര്യത്തിൽ മാമ്മോദിസാപ്പേരായി മാതാവിന്റെ പേര് സ്വീകരിച്ചവരും മാതാവിനോടുള്ള നന്ദിസൂചകമായി മാതാവിന്റെ പേര് സ്വീകരിച്ചവരുമാണ് സംഗമത്തിനെത്തുന്നവരിലേറെയും.
മേരിനാമധാരി സംഗമത്തിനെത്തുന്നവരെല്ലാം 21 കള്ളപ്പം വീതം മാതാവിന്റെ സന്നിധിയിൽ സമർപ്പിക്കുകയും ഇത് നോമ്പ് വീടൽ സദ്യയ്ക്ക് വിളമ്പി നൽകുകയും ചെയ്യുന്നത് ഇവിടുത്തെ പതിവാണെങ്കിലും ഈ വർഷം മേരി നാമധാരികൾ നേർച്ചയപ്പം കൊണ്ടുവരേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പകരം അതിന്റെ പണം പേര് രജിസ്ട്രേഷൻ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൗണ്ടറിൽ അടയ്ക്കാം. കേരള സംസ്ഥാനത്തെ പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പരമാവധി സഹായം ഉറപ്പാക്കാനായി നോമ്പ് ദിനങ്ങളിലെ പായസനേർച്ചയും സ്നേഹവിരുന്നും ഒഴിവാക്കി മിച്ചം വരുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണ്.
എട്ടുനോമ്പിന്റെ ആറാംദിനമായിരുന്ന ഇന്നലെ പാലാ രൂപതാ സഹായമെത്രാൻ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി. വിശുദ്ധമായ സുറിയാനി പാരമ്പര്യങ്ങളെ ചേര്‍ത്തുനിറുത്തുന്ന പൊതുതറവാടായ കുറവിലങ്ങാടിനുള്ള സഭയുടെ അംഗീകാരമാണ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പൽ ആര്‍ച്ച്ഡീക്കന്‍ പദവിയും ആര്‍ച്ച്പ്രീസ്റ്റ് പദവിയെന്നും പാലാ രൂപതയുടെ ചങ്കാണ് കുറവിലങ്ങാടെന്നും മാര്‍ ജേക്കബ് മുരിക്കന്‍ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
എട്ടുനോമ്പിന്റെ ഏഴാംദിനമായ ഇന്ന് (ആദ്യവെള്ളി) കുമ്പസാര ദിനം ആയി ആചരിക്കുന്നു. രാവിലെ 4.30, 5.30, 6.30, 7.30, 8.30, 9 .30, 10.30 (സുറിയാനി), ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞു 2.45, 4.00 (ലത്തീൻ) 5.00 (മലങ്കര) രാത്രി 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. വൈകുന്നേരം 5.00 ന്പാറശാശാല മലങ്കര കത്തോലിക്കാ രൂപത മെത്രാൻ തോമസ് മാർ യൗസേബിയോസ് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് ജൂബിലി കപ്പേളയിലേക്ക് ജപമാല, മെഴുകുതിരി പ്രദക്ഷിണം.