കൊടൈക്കനാൽ ബസ് ദുരന്തത്തിൽപെട്ടവരെ അനുസ്മരിക്കാനായി കുറവിലങ്ങാട് പള്ളിയിൽ ഉറ്റവർ വീണ്ടും ഒത്തുചേർന്നു. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പുതുക്കി ഇന്നലെ വീണ്ടും കുറവിലങ്ങാട്ട് ഒരുമിച്ചത്.
പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടത്തി. ഫാ. ജോർജ് കാരാംവേലി, ഫാ. ടോമി കാരാംവേലി, ഫാ. ജോർജ് നിരവത്ത് എന്നിവർ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
കുറവിലങ്ങാട് ഇടവകയിലെ സണ്ഡേസ്കൂളുകളിൽനിന്ന് 1976 മേയ് 7 ന് യാത്രതിരിച്ച സണ്‍ഡേ സ്കൂൾ അധ്യാപകരുടെ സംഘമാണ് കൊടൈക്കനാലിൽ അപകടത്തിൽപ്പെട്ടത്. രണ്ട് വൈദികരും 16 സണ്‍ഡേ സ്കൂൾ അധ്യാപകരുമാണ് അപകടത്തിൽ മരണമടഞ്ഞത്.
ബസ് അപകടത്തിന്റെ 42ാം അനുസ്മരണ വാർഷികമായിരുന്ന ഇന്നലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പ്രാർഥനകൾക്ക് ശേഷം പാരീഷ്ഹാളിൽ അനുസ്മരണ സമ്മേളനവും നടന്നു. മർത്ത്മറിയം സണ്ഡേസ്കൂൾ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.ഡി ദേവസ്യ മാപ്പിളപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് കാരാംവേലിൽ, ബെന്നി മുത്തനാട്ട്, ദിയ മരിയ ഷാജി, ഇമ്മാനുവൽ വാക്കയിൽ, ലൂക്കാ വാഴപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
പാലാ രൂപതയിലെ മികച്ച സണ്ഡേസ്കൂൾ അധ്യാപകനും കുറവിലങ്ങാട് ഫൊറോനയിലെ സണ്ഡേസ്കൂൾ അധ്യാപകരുടെ മക്കളിൽ എസ്എസ്എൽസിയിലെ മികച്ച വിദ്യാർത്ഥിക്കും അവാർഡ് സമ്മാനിച്ചു.