‘തറവാട്ടിലേക്ക് തിരിച്ചെത്തിയതു പോലെ’യുള്ള അനുഭവമാണുള്ളത് ഇപ്പോൾ കുറവിലങ്ങാട്ട് എത്തിയപ്പോൾ… എന്റെ അടിസ്ഥാനം ഈ കുറവിലങ്ങാട്ടാണ്. ഞങ്ങൾ കുറവിലങ്ങാട്ടുകാരാണ്’ – മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിന്റെ മുറ്റത്ത് പൂച്ചെണ്ട് നൽകി സ്വീകരിച്ച വികാരി റവ.ഡോ. ജോസഫ് തടത്തിലിനോട് ഈ വാക്കുകൾ പറയുമ്പോൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ മുഖത്ത് ഗൃഹാതുരസ്മരണകൾ മിന്നിമറയുകയായിരുന്നു. കുറവിലങ്ങാട് പകലോമറ്റം കുടുംബത്തിന്റെ ശാഖയാണ് കണ്ണന്താനം കുടുംബമെന്നും പൂർവ്വികർ കുറവിലങ്ങാട്ടുനിന്ന് മാറിതാമസിച്ചവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കുറവിലങ്ങാട് പള്ളിയിലെത്തിയത്. അൽഫോൻസ് കണ്ണന്താനം ദേവാലയത്തിൽ എത്തുമ്പോൾ ഒരു വിവാഹച്ചടങ്ങ് നടക്കുകയായിരുന്നു. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കുറവിലങ്ങാട് പള്ളിയിലെത്തിയ കേന്ദ്രമന്ത്രി നവീകരിച്ച പള്ളിയകത്ത് പ്രവേശിച്ചു പ്രാർത്ഥിച്ചു. ദൈവമാതാവ് കുട്ടികൾക്ക് തെളിച്ചുനൽകിയ നീരുറവയിൽ നിന്ന് ജലംനുകർന്ന കേന്ദ്രമന്ത്രി പത്താം തീയതി തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്ന ചെറിയപള്ളിയിലും പ്രവേശിച്ചു പ്രാർത്ഥിച്ചു. നൂറ്റാണ്ടു പിന്നിട്ട പള്ളിമേടയിലെത്തിയ കേന്ദ്രമന്ത്രി പള്ളിമേടയുടെ പഴക്കവും നിർമ്മാണരീതിയും ചോദിച്ചറിഞ്ഞു.
കുറവിലങ്ങാട്ടെ സെന്റ് മേരീസ് സ്കൂളുകളുടെ ശതോത്തര രജത ജൂബിലിയും ശതാബ്ദിയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാനാകുമോയെന്ന വികാരിയുടെ ആവശ്യം പരിഗണിക്കാമെന്നും ഇതിനായി പരിശ്രമിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായിപ്പിള്ളി, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത് എന്നിവരുടെ നേതൃത്വത്തിലാണു കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്.
കേന്ദ്ര വിനോദസഞ്ചാര വകുപ്പിൽനിന്നു തീർത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് കുറവിലങ്ങാടിന് കേന്ദ്രസർക്കാർതലത്തിൽ എന്തെങ്കിലും പ്രത്യേക പരിഗണന നൽകാനാകുമോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഉറപ്പു നൽകിയാണ് അൽഫോൻസ് കണ്ണന്താനം ഇവിടെനിന്നും മടങ്ങിയത്.
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം നോബിൾ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണൻ, പാർട്ടി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ആർ. ഷിജോ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു