കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി

Spread the love

കുടുംബകൂട്ടായ്മയും സഹൃദയരും പഞ്ചായത്തും സംഘടനകളുമൊക്കെ കൈകോര്‍ത്തപ്പോള്‍ കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഇടവക ഇരുപത്തിനാലാം വാര്‍ഡ് ഒന്നാം യൂണിറ്റായ വിശുദ്ധ ബ്രൂണോ യൂണിറ്റിലാണ് കൂട്ടായ്മയുടെ കരുത്തില്‍ ഒരു കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വര്‍ഷങ്ങളായി ഒരു കാല്‍മുറിച്ചതോടെ പണിയെടുത്ത് ജീവിതമാര്‍ഗം കാണാന്‍ കഴിയാതിരുന്ന കുര്യനാട് വട്ടക്കുന്നേല്‍ ദേവസ്യ (കുഞ്ഞപ്പന്‍) യ്ക്കാണ് കൂട്ടായ്മയുടെ കരുത്ത് സ്വപ്നസാഫല്യത്തിന് വഴിതെളിച്ചത്. ഇടവക വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഭവനസന്ദര്‍ശനം നടത്തവേ ഏറെ ദുരിതത്തിലായ കുടുംബത്തിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കുടുംബകൂട്ടായ്മ ഭാരവാഹികളോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന് പിന്തുണയേകി തദ്ദേശവാസികളായ സുമനുസുകള്‍ സംഗമിച്ചതോടെ ഇടവകയുടെ കാരുണ്യം പദ്ധതിയില്‍ അരലക്ഷം രൂപയുടെ സഹായം നല്‍കി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ സഹായത്തിനൊപ്പം തദ്ദേശവാസികളില്‍ ചിലര്‍ അകമഴിഞ്ഞ പിന്തുണയും സമ്മാനിച്ചു.
മൂന്ന് കിടപ്പ്മുറികളും അടുക്കളയും സിറ്റ്ഔട്ടും ഹാളും ഉള്‍ക്കൊള്ളുന്ന വീട് 4.35 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. വീടിന്റെ ആശീര്‍വാദം മര്‍ത്ത്മറിയം ഫൊറോന പള്ളി സഹവികാരി ഫാ. ജോസഫ് കുന്നയ്ക്കാട്ട് നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ വീടിന്റെ താക്കോല്‍ കൈമാറി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലി മാത്യു, പഞ്ചായത്തംഗം ആന്‍സമ്മ സാബു, പള്ളി യോഗാംഗം വി.എ ആന്റണി, കുടുംബകൂട്ടായ്മ പ്രസിഡന്റ് ബെന്നി സേവ്യര്‍ മടുക്കനിരപ്പില്‍ സെക്രട്ടറി ജോമോള്‍ ജോര്‍ജ് കറുകച്ചേരില്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റോയി മറ്റം കുഴിക്കാട്ട്, ബാബു മാത്യു പെരികിലത്തേല്‍, സാബു അഗസ്റ്റിന്‍ തെങ്ങുംപിള്ളില്‍, ജോയി പാറയില്‍, ജോണ്‍ ജോസഫ് നിരപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു