കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ എട്ടുനോമ്പാചരണത്തിനു മുന്നോടിയായുള്ള അഭിഷേകാഗ്നി കണ്വൻഷന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ജനറൽ കണ്‍വീനർ ഫാ. മാത്യു വെങ്ങാലൂർ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. മാത്യു പിണക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന കണ്വൻഷൻ അടുത്ത ഞായർ മുതൽ വ്യാഴം വരെയാണ്. (ആഗസ്റ്റ് 27 മുതൽ 31 വരെ തീയതികളിൽ)
ഒരേസമയം പതിനായിരം പേർക്കിരുന്ന് വചനശ്രവണം നടത്താവുന്ന പടുകൂറ്റൻ പന്തലാണു ദേവമാതാ കോളജ് മൈതാനത്ത് തയാറാക്കിയിരിക്കുന്നത്. അരലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന പന്തലിനൊപ്പം പാരിഷ് ഹാൾ, പള്ളി, പള്ളിയങ്കണം എന്നിവിടങ്ങളിലിരുന്നു വചനം ശ്രവിക്കാം. എൽഇഡി സ്ക്രീനുകൾ വിവിധയിടങ്ങളിലായി സ്ഥാപിക്കും
ദിവസവും വൈകുന്നേരം നാലിനു വിശുദ്ധ കുർബാനയോടെ കണ്വൻഷൻ ആരംഭിക്കും. 27ന് നാലിന് കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 5.45ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കണ്വൻഷൻ ഉദ്ഘാടനംചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലിനു പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. ജോസഫ് കൊല്ലംപറമ്പിൽ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും..
28 മുതൽ എല്ലാദിവസവും രാവിലെ ഒൻപതു മുതൽ 3.30വരെ കൗണ്‍സലിംഗിനും രാവിലെ 10 മുതൽ നാലുവരെ കുമ്പസാരത്തിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് പാരീഷ്ഹാളിലും കുമ്പസാരം വലിയ പള്ളിയിലുമാണ്.
രോഗികൾക്കു പ്രത്യേക ഇരിപ്പിടങ്ങൾ പ്രധാന പന്തലിൽ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളിലിരുന്നു പങ്കെടുക്കുന്നവർക്ക് അവരുടെ വാഹനങ്ങൾ പാരിഷ്ഹാളിനു മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിലെത്തിക്കാം. രോഗികളുമായെത്തുന്ന വാഹനങ്ങൾക്കു പ്രത്യേക പരിഗണന ലഭിക്കാനായി പാസ് നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കു പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ കൺവൻഷനോടനുബന്ധിച്ചു മുത്തിയമ്മ കുടകൾ എന്നപേരിൽ പ്രത്യേക കുടകളും കൺവെൻഷനോടനുബന്ധിച്ചു തയ്യാറാക്കിയിട്ടുണ്ട്. മുത്തിയമ്മയുടെ ബഹുവർണ ചിത്രങ്ങൾ പേപ്പൽ പതാകയുടെ പശ്ചാത്തലത്തിൽ ആലേഖനം ചെയ്താണു കുടകൾ ഒരുക്കിയിട്ടുള്ളത്.
ദിവ്യകാരുണ്യ ആരാധനയ്ക്കായി ഒരുക്കിയിരിക്കുന്ന അരുളിക്കയും പ്രത്യേകതകളുള്ളതാണ്. നാലടി ഉയരമുള്ള അരുളിക്കയാണ് ആരാധനയ്ക്കായി ഉപയോഗിക്കുന്നത്.
വികാരി റവ. ഡോ. ജോസഫ് തടത്തിൽ, ജനറൽ കണ്‍വീനർ ഫാ. മാത്യു വെങ്ങാലൂർ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, സെപ്ഷൽ കണ്‍ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ, യോഗപ്രതിനിധികൾ, കുടുബകൂട്ടായ്മ ഭാരവാഹികൾ, പ്രമോഷൻ കൗണ്‍സിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നത്.