കുറവിലങ്ങാട് ദേവമാതാ കോളജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിൽ (നാക്) മൂന്നാംവട്ട ഗുണനിലവാര പരിശോധനയിൽ എ ഗ്രേഡ്. 3.23 പോയിന്റ് നേടിയാണ് കോളജ് മികച്ച അംഗീകാരം കരസ്ഥമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ കർമപരിപാടികളും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണവും പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളും വിലയിരുത്തിയാണു മികച്ച ഗ്രേഡ് കോളജിന് നൽകിയത്.
കോളജിലെ ഗവേഷണ സൗകര്യങ്ങളും ഈ രംഗത്തെ നേട്ടങ്ങളും കലാലയ അന്തരീക്ഷവും എൻഎസ്എസ്, എൻസിസി, കായികരംഗം എന്നിവയും പരിശോധക സംഘം വിലയിരുത്തി. സാമൂഹിക പ്രതിബദ്ധതയോടെ കോളജ് നടത്തുന്ന പ്രവർത്തനങ്ങളും പഠനവിധേയമാക്കപ്പെട്ടു. അധ്യാപക, അനധ്യാപക തസ്തികകൾ പൂർണമായി നിയമനം നടത്തി മികച്ച സേവനം ഉറപ്പാക്കുന്നതും മാനേജ്മെന്റിന്റെ അർപ്പണ മനോഭാവവും അധ്യാപകരുടെ ഗവേഷണ മികവും വിദ്യാർഥികളുടെ അച്ചടക്കവും നാക് റിപ്പോർട്ടിൽ പ്രത്യേകമായി പ്രശംസിച്ചിട്ടുണ്ട്.
ഫിസ്റ്റ്, ഡിഎസ്ടി എന്നിവയിലൂടെ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളും ഫലപ്രദമായ പാഠ്യക്രമങ്ങളും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പരിശോധനാ കാലയളവിൽ നടത്തിയ വിവിധ ഭൗതിക വികസനങ്ങളെ റിപ്പോർട്ടിൽ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. റവ.ഡോ. ജോസഫ് തടത്തിൽ, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവർ മാനേജർമാരായും ഡോ. ഫിലിപ്പ് ജോൺ, ഡോ. ജോയി ജേക്കബ് എന്നിവർ പ്രിൻസിപ്പൽമാരായും ഡോ. സജി അഗസ്റ്റിൻ, റവ.ഡോ. ജോസഫ് പര്യാത്ത് എന്നിവർ ഐക്യുഎസി കോർഡിനേറ്റർമാരായും സേവനം ചെയ്ത കാലയളവാണ് നാക് സംഘം പഠനവിധേയമാക്കിയത്.
ഫാ. പോൾ ആലപ്പാട്ട് മർത്ത്മറിയം ഫൊറോന പള്ളി വികാരിയായിരിക്കെ 1964ൽ ജൂണിയർ കോളജായി ആരംഭിച്ച ദേവമാതാ കോളജിൽ ഇപ്പോൾ രണ്ട് ഗവേഷണ വിഭാഗങ്ങളടക്കം ഒൻപത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 12 ബിരുദ പ്രോഗ്രാമുകളുമാണുള്ളത്. 111 അധ്യാപകരും 44 അനധ്യാപകരും സേവനം ചെയ്യുന്ന കോളജിൽ ഇപ്പോൾ 1628 വിദ്യാർഥികൾ പഠിക്കുന്നു.
കോളജിന് മികച്ച ഗ്രേഡ് ലഭ്യമാക്കാനുതകുന്ന ക്രമീകരണങ്ങൾ നടത്തിയ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവരെ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. ഫിലിപ്പ് ജോണ്, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അഭിനന്ദിച്ചു.