കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നാളെ ഓശാനാഞായറോടെ (കുരുത്തോലത്തിരുന്നാൾ) വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ (മാർച്ച് 25 – ഞായർ) രാവിലെ 8.30ന് ഓശാനതിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകും.
ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ, ഓശാനഞായറിന്റെ വിശുദ്ധിയിൽ പാരമ്പര്യത്തനിമ ആവർത്തിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കളത്തൂർ നിവാസികളുടെ തനിമയും ഒരുമയും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ തമുക്ക് നേർച്ച. കളത്തൂർ ഗ്രാമത്തിന്റെ കൂട്ടായ്മയും പാരമ്പര്യങ്ങളും വിശ്വാസത്തിന്റെ കരുത്തോടു ചേർത്ത് കുറവിലങ്ങാട് പള്ളിയിൽ നാളെ തമുക്കുനേർച്ച നടക്കും.
കളത്തൂർ ഗ്രാമത്തിലെ കുടുംബങ്ങളുടെ നേതൃത്വത്തിൽ മുത്തിയമ്മയുടെ സന്നിധിയിൽ ഓശാന ഞായറാഴ്ച നടത്തുന്ന തമുക്കുനേർച്ച ഇക്കുറിയും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കളത്തൂർ കരയിലെ ക്രൈസ്തവ കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഓരോ പുരുഷനും നിശ്ചിത അളവിൽ അരിയും തേങ്ങയും ശർക്കരയും പഴവും സമർപ്പിച്ചാണ് നേർച്ച ഒരുക്കുന്നത്. തലമുറകൾ പിന്നിട്ടുവെങ്കിലും നേർച്ചയിൽ കോട്ടംവരുത്താതെ ഇളംതലമുറയും അവകാശവും പ്രതിനന്ദിയുമായി നേർച്ച നടത്തിപ്പോരുന്നു. ഉച്ചയ്ക്ക് 12 നാണ് നേർച്ച ആശീർവദിക്കുന്നത്. ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിൽ ആശീർവാദകർമം നിർവഹി ക്കും. തുടർന്നു നേർച്ച വിതരണം നടക്കും.
കളത്തൂർ ഗ്രാമത്തിലെ ഏറ്റവും വലിയ ആഘോഷം ഓശാന ഞായർ ആണ്. ഏകദേശം 120 വർഷങ്ങൾക്കുമുമ്പ് കളത്തൂർ നിവാസികൾ ബഹുമാനപെട്ട നിധീരിക്കൽ മാണികത്തനാർ അവർകളുടെ നിർദേശ പ്രകാരമാണ് കുറവിലങ്ങാട് പള്ളിയിൽ കളത്തൂർ നിവാസികളുടേതായി ഈ നേർച്ച തുടങ്ങിയത് . ആ കാലങ്ങളിൽ ഉണ്ടായിരുന്ന കൊടിയ മത പീഡനങ്ങൾക്കും, യുദ്ധങ്ങൾക്കും, രോഗങ്ങൾക്കും അറുതിക്കായി മർത്ത മറിയത്തിനു മുന്നിൽ കളത്തൂർ നിവാസികൾ നേർച്ച നേരുകയാണ് ഉണ്ടായത്. പ്രത്യേക തരത്തിൽ പഴവും, ശർക്കരയും, വറുത്ത അരിയും, ചിരണ്ടിയ തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ഈ നേർച്ചക്ക് ഒരു പ്രത്യേക രുചിതന്നെയാണ് . സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഫലമാണ് തമുക്ക് നേർച്ച. പള്ളികളിൽ മാത്രമേ ഈ നേർച്ച ഉണ്ടാക്കാറുള്ളു. . കുറവിലങ്ങാട് പള്ളി, കളത്തൂർ പള്ളി , കാളികാവ് പള്ളി, സ്ലീവാപുരംപള്ളി, കാഞ്ഞിരത്താനം പള്ളി, കാട്ടാമ്പാക്ക് പള്ളി എന്ന് വേണ്ട അങ്ങ് ഗൾഫ് നാടുകൾ, ബ്രിട്ടൻ, ആസ്‌ട്രേലിയ, അമേരിക്ക വരെ വിശ്വാസികൾ ഓശാന ഞായറാഴ്ച തമുക്ക് നേർച്ചയും ആചരിക്കുന്നു. കളത്തൂർ നിവാസികൾ എവിടെ ഒക്കെ കുടിയേറിയോ അവിടെ എല്ലാം ഈ നേർച്ച പിന്തുടരുന്നു.
മാർച്ച് 26, 27, 28 – തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം ആരംഭിച്ചു 8.30ന് സമാപിക്കുന്നു