കുറവിലങ്ങാട് ദേവമാതാ കോളജ് പ്രിൻസിപ്പലും, മറ്റ് നാല് വകുപ്പ് മേധാവികളും കോളജിൽനിന്നും ഈ വർഷം വിരമിക്കുന്നു. പ്രിൻസിപ്പൽ ഡോ. ഫിലിപ്പ് ജോൺ, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ടി.ടി. മൈക്കിൾ, കോമേഴ്സ് വിഭാഗം മേധാവി പ്രഫ. ബേബി മാത്യു, മാത്തമാറ്റികിസ് വിഭാഗം മേധാവി പ്രഫ. കെ.ജെ. മാത്യു, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എം.ജെ. ജോസഫ് മറ്റം എന്നിവരാണ് ദേവമാതാ കോളജിലെ അധ്യാപകസേവനത്തോട് ഈ വർഷം വിടപറയുന്നത്. മൂന്നു പതിറ്റാണ്ടോളം നീണ്ട അധ്യാപക സേവനത്തിനു ശേഷമാണ് ഈ മാതൃകാ അധ്യാപകർ യാത്രപറയുന്നത്.
കോളജിന് നാക് റി അക്രഡിറ്റേഷനിൽ ഉന്നത പദവി വാങ്ങി നൽകാനായ ചാരിതാർഥ്യത്തിലാണ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പ് ജോണിന്റെ പടിയിറക്കം. മലയാള വിഭാഗത്തിൽനിന്ന് ആദ്യമായി പ്രിൻസിപ്പൽ പദവിയിലെത്തുന്ന മൂന്നു വർഷം മികച്ച സേവനം നടത്തിയ ഇദ്ദേഹത്തിന്റെ കാലയളവിൽ കോളജിന് സർവകലാശാലയിൽ പാഠ്യപാഠ്യേതര മേഖലകളിലും കായികരംഗത്തും തിളങ്ങുന്ന സാന്നിധ്യമാകാൻ കഴിഞ്ഞു. എൻഎസ്എസിലൂടെ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കും പ്രിൻസിപ്പലിനുമുള്ള അംഗീകാരം കോളജിന് നേടിയെടുക്കാനായി.
സംസ്ഥാനതലത്തിൽ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി കോളജിന് യശസ് സമ്മാനിച്ചാണ് ഡോ. ടി.ടി. മൈക്കിളിന്റെ പടിയിറക്കം. അധ്യാപകനായിരിക്കുന്പോഴും ഒരു ഡസനോളം കോഴ്സുകൾ പഠിച്ച് വിജയിച്ചാണ് ഡോ. ടി.ടി മൈക്കിൾ ശ്രദ്ധേയനായത്. ഏറ്റവും മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള സംസ്ഥാന അവാർഡ്, ഏറ്റവും മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള എം ജി യൂണിവേഴ്സിറ്റി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഡോ. ടി.ടി. മൈക്കിളിലൂടെ ദേവമാതാകോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. 32 വർഷത്തെ സേവനകാലാവധിക്കിടയിൽ 12 ബിരുദാനന്തര ബിരുദങ്ങൾ ഇദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.
30 വർഷത്തെ അധ്യാപന സേവനവുമായാണ് പ്രഫ. ബേബി മാത്യുവിന്റെ പടിയിറക്കം. എ പ്ലസുകളുടെ തിളക്കത്തിൽ സർവകലാശാലയുടെ ഒന്നാംനിരയിൽ കോമേഴ്സ് വിഭാഗത്തെ ഉയർത്തിയാണ് പ്രഫ. ബേബി മാത്യു കോളജിനോടു വിടചൊല്ലുന്നത്.
1989 ൽ ദേവമാതായിലെത്തിയ പ്രഫ. കെ.ജെ. മാത്യു കോളജിൽ മാത്തമാറ്റിക്സിൽ പിജി കോഴ്സ് നേടിയെടുക്കുന്നതിലും റാങ്കുകളും എ പ്ലസുകളും നേടിയെടുക്കുന്നതിനും മുൻപന്തിയിലായിരുന്നു.
ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഡോ. എം.ജെ. ജോസഫ് മറ്റം കാൽനൂറ്റാണ്ട് ദേവമാതായിൽ അധ്യാപക സേവനം നടത്തിയാണ് വിരമിക്കുന്നത്. ജീസസ് യൂത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
അധ്യാപകർക്കൊപ്പം കോളജിലെ ലൈബ്രറി അസിസ്റ്റന്റ് ജോസഫ് ജോർജും അനധ്യാപിക സിസ്റ്റർ റോസിലിയും ഈ വർഷം ദേവമാതാ കോളജിന്റെ പടിയിറങ്ങുന്നവരുടെ പട്ടികയിലുണ്ട്.