കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണം, ഇന്ന് നടന്ന മാതാവിന്റെ പിറവിത്തിരുനാൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും കൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി.
മാതാവിന്റെ പിറവിത്തിരുനാളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാവിലെ തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകി. മേരിനാമധാരികൾക്കെല്ലാം പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഭാരതസഭ വളരുന്നത് കുറവിലങ്ങാടിനോടു ചേർന്നാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തിയമ്മയെക്കുറിച്ച് ദേശീയ, രാജ്യാന്തര സെമിനാറുകളും പഠനങ്ങളും ഇവിടെ നടക്കണമെന്നും ബിഷപ് പറഞ്ഞു. വൈകുന്നേരമെത്തിയിട്ടും ദേവാലയത്തിലേക്ക് അണമുറിയാത്ത ഭക്തജനപ്രവാഹമാണ്.
മേരിനാമധാരി സംഗമത്തിനായി രണ്ടായിരത്തോളം മേരിമാർ മുത്തിയമ്മയ്ക്കരികിൽ സംഗമിച്ചപ്പോൾ വിശ്വാസി സാഗരം ആശംസകളർപ്പിച്ചു. മേരിനാമധാരി സംഗമത്തിനെത്തുന്നവരെല്ലാം 21 കള്ളപ്പം വീതം മാതാവിന്റെ സന്നിധിയിൽ സമർപ്പിക്കുകയും ഇത് നോമ്പ് വീടൽ സദ്യയ്ക്ക് വിളമ്പി നൽകുകയും ചെയ്യുന്നത് ഇവിടുത്തെ പതിവാണെങ്കിലും ഈ വർഷം മേരി നാമധാരികൾ നേർച്ചയപ്പം കൊണ്ടുവരേണ്ടതില്ലെന്ന് നിർദേശം നേരത്തെതന്നെ നൽകിയിരുന്നു. പകരം അതിന്റെ പണം പേര് രജിസ്ട്രേഷൻ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൗണ്ടറിൽ അടച്ചു. സംഗമത്തിനെത്തിയ മേരിനാമധാരികളിൽ 1918 പേർ മുത്തിയമ്മയുടെ സവിധത്തിൽ പതിവുള്ള 21 അപ്പത്തിനു പകരമായി അതിന്റെ തുക പ്രളയക്കെടുതിയിൽ പെട്ടവർക്കായി, ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നൽകി ദുരിതാശ്വാസത്തിൽ പങ്കുചേർന്നു.
>>>കേരള സംസ്ഥാനത്തെ പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പരമാവധി സഹായം ഉറപ്പാക്കാനായി നോമ്പ് ദിനങ്ങളിലെ പായസനേർച്ചയും സ്നേഹവിരുന്നും ഒഴിവാക്കി മിച്ചം വരുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു.<<<
മേരിനാമധാരി സംഗമം തലമുറകളുടെ സംഗമത്തിനും വേദിയായി. കൈക്കുഞ്ഞുങ്ങളായ കുഞ്ഞുമേരി മുതൽ നാലു തലമുറ പിന്നിട്ട മേരി വരെ സംഗമത്തിൽ കണ്ണികളായി, മാതാവിന്റെ മുന്നിൽ കൂപ്പുകരങ്ങളോടെ നിന്നു. മാമ്മോദീസാപ്പേരിലൂടേയും മാതാവിനേടുള്ള നന്ദിപ്രകാശനമായും മാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. മേരി, മറിയം, അമല, നിർമ്മല, വിമല, മരിയ എന്നിങ്ങനെ ദൈവമാതാവിന്റെ പേര് സ്വീകരിച്ചവരായിരുന്നു പതിവുപോലെ ഒരുമിച്ചത്. മേരിനാമധാരികൾക്കായി മാർ ജോസഫ് കല്ലറങ്ങാടിൻറെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനകളും നടത്തി.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിനൊപ്പം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, സിനീയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കൺഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ തുടങ്ങിയവർ മേരിമാർക്ക് പ്രാർത്ഥനാശംസകൾ നേർന്നു.