2019 സെപ്റ്റംബർ ഒന്നിനു നടക്കുന്ന കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി കത്തോലിക്കാ മഹാംസംഗമ വിളംബരസമ്മേളനം ഇന്ന് (28-10-2018 ഞായർ) നടക്കും.
ഇന്ന് 2.30 ന് മുത്തിയമ്മ ഹാളിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ വിളംബരസമ്മേളനം ഉദ്ഘാടനം ചെയ്യും. സീനിയർ അസി.വികാരി റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളി, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷ്യൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളംമ്മാക്കൽ എന്നിവർ പ്രസംഗിക്കും.
കുറവിലങ്ങാടുനിന്നും വിവിധ പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറിവരുടെ പ്രതിനിധികളെയാണ് സംഗമത്തിൽ പങ്കെടുപ്പിക്കുക. കുറവിലങ്ങാടുനിന്ന് വിവാഹം വഴി മറ്റു സ്ഥലങ്ങളിലേക്ക് പോയവരുടെ പ്രതിനിധികളെയും സംഗമത്തിൽ പങ്കെടുപ്പിക്കും. വിവിധ ക്രൈസ്തവ സഭകളുടെ സംഗമവേദിയായി സമ്മേളനവേദി മാറും. സംഗമത്തിന്റെ ഭാഗമായി അന്തർദേശിയ മരിയൻ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.
സംഗമത്തിനായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വിളംബരസമ്മേളനം നടക്കുന്നതിന് പിന്നാലെ ഇടവകയിലൊന്നാകെ വിളംബരകൂട്ടായ്മകളും നടത്തുന്നുണ്ട്.
സംഗമത്തിലേക്ക് ഓണ്‍ലൈൻ, ഓഫ്ലൈൻ രജിസ്ട്രേഷനുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാവുന്നതായി സംഘാടക സമിതി അറിയിച്ചു.