പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 475-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. ഇന്നലെ കുറവിലങ്ങാടു മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ റാസകുർബാനയും കബറിടത്തിങ്കൽ ഒപ്പീസും നടന്നു.
പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധം ആശിർവദിച്ചു. പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സഭയുടെ ഓർമ്മയാണെന്നു മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വല്യച്ചൻ സഭയിലാകെ ഇന്നു വലിയ ചർച്ചയാണ്. ഇതര മതങ്ങൾക്കടക്കം സ്വീകാര്യനായിരുന്ന വല്യച്ചൻ മോശയുടെ ഓർമ്മയാണു സമ്മാനിക്കുന്നത്. 475 വർഷം കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഒരു വൈദികന്റെ ശ്രാദ്ധം തുടർച്ചയായി നടത്തപ്പെടുന്നത് വലിയ പ്രത്യേകതയാണ്. വല്യച്ചന്റെ കബറിടത്തിങ്കൽ തെളിച്ച് പ്രാർത്ഥിക്കുന്ന ഏഴുതിരി വിളക്ക് യഹൂദപാരമ്പര്യത്തിലെ മിനോറയോടു ചേർന്നുനിൽക്കുന്നതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷൽ കണ്‍ഫസർ ഫാ. ജോർജ് നിരവത്ത് എന്നിവർ സഹകാർമ്മികരായി. ആയിരക്കണക്കായ വിശ്വാസികളാണ് അനുസ്മരണ പ്രാർത്ഥനകൾക്കും ശ്രാദ്ധത്തിനുമായി എത്തിച്ചേർന്നത്. ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടവർക്കായി പ്രത്യേക പാഴ്സലും ക്രമീകരിച്ചിരുന്നു.
പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കലായിരുന്നു പ്രസുദേന്തി. ഭാരവാഹികളായ വി.കെ. മാത്യു വെള്ളായിപറമ്പിൽ, പ്രഫ. ജോർജ് ജോണ്‍ നിധീരി, ജോസ് മാത്യു പനങ്കുഴയ്ക്കൽ, ജോയിച്ചൻ പനങ്കുഴയ്ക്കൽ, വി.യു. ചെറിയാൻ വെള്ളായിപറമ്പിൽ, ജോജോ ഏബ്രഹാം നിധീരി വലിയവീട്ടിൽ, എമ്മാനുവൽ നിധീരി, ഷിബി തോമസ് വെള്ളായിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി