കേരളപ്പിറവിയോടനുബന്ധിച്ച് നവകേരളനിർമ്മിതി മുഖ്യവിഷയമായി സ്വീകരിച്ച്, കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ ഭാവനയിൽ പ്രതീകാത്മക നവ കേരളം നിർമ്മിച്ചു. 80 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള സ്കൂൾമൈതാനിയിൽ കോണോടുകോൺ നിർമ്മിച്ച ഐക്യകേരളത്തിന്റെ മാതൃകയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കൈപിടിച്ച് അണിനിരന്നു.
ഐക്യകേരളം മാതൃകയിൽ സ്കൂൾമൈതാനത്ത് വിദ്യാർത്ഥികൾ അണിനിരന്നപ്പോൾ അതു വേറിട്ട കാഴ്ചയായി. വിദ്യാർത്ഥികൾ നവകേരള നിർമ്മിതി-നവകേരള സൃഷ്ടിയിൽ പങ്കാളികളാവുകയും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മലയാള ഭാഷയെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. നവകേരള നിർമ്മിതി ഗാനം കുട്ടികൾ സംഘമായി ആലപിച്ചു. സ്കൂൾ അസംബ്ലിയിൽ പി റ്റി എ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി കേരളപ്പിറവിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ അസി. മാനേജർ ഫാദർ തോമസ് കുറ്റിക്കാട്ട്, സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, അധ്യാപകരായ പി എ തോമസ്, ജോബി വർഗീസ്, സി. മെറിൻ ചിറയിൽ, കെ വി ജോർജ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.
നവകേരള നിർമ്മിതി എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസം, കവിത രചന, ചിത്രരചന മൽസരങ്ങളും നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.