വീടെന്ന സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന ഒരു കൂട്ടുകാരന് പുതിയ വീട് നിർമ്മിച്ചുനൽകി ക്രിസ്തുമസിന് വരവേൽക്കുവാൻ ഒരുങ്ങുകയാണ് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം സണ്‍ഡേ സ്കൂൾ വിദ്യാർത്ഥികൾ…
കഴിഞ്ഞ വർഷത്തെ വിശ്വാസോത്സവം മുതൽ നടത്തിയ പരിശ്രമങ്ങളാണ് ഈ വർഷത്തെ ക്രിസ്തുമസിൽ വിജയം കണ്ടത്. കൂട്ടുകാരന് സ്നേഹവീടൊരുക്കാൻ കഴിഞ്ഞതിന്റെ ആവേശവും ഇത്തവണത്തെ ക്രിസ്തുമസിൽ വിദ്യാർത്ഥികൾക്കുണ്ട്. അവരുടെ പരിശ്രമങ്ങൾക്ക് പിന്നിൽ വൈദികരുടെയും അധ്യാപകരുടേയും മാതാപിതാക്കളുടേയും കൂട്ടായ പരിശ്രമവുമുണ്ട്. വിദ്യാർത്ഥികൾ സമാഹരിച്ച മുക്കാൽ ലക്ഷം രൂപയ്ക്കൊപ്പം 1.75 ലക്ഷം രൂപ അധ്യാപകരുടെ കൂട്ടായ്മയിൽ കണ്ടെത്തിയതോടെയാണ് വീട് യാഥാർഥ്യമായത്. വിദ്യാർത്ഥികളുടെ കായികാധ്വാനവും മുതൽക്കൂട്ടായി. വീട്ടിലേക്ക് വഴിയില്ലാതിരുന്നതിനാൽ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിന് അധ്വാനം ആവശ്യമായി വന്നു.
മൂന്ന് മുറികളും ഹാളും അടുക്കളയും ചേർന്ന വീടാണ് നിർമ്മിച്ച് നൽകിയത്. പ്രാർത്ഥനയും കൂട്ടായ്മയും മൂലധനമാക്കിയുള്ള വീടൊരുക്കൽ ഇത് നാലാം തവണയാണ് കുറവിലങ്ങാട് സണ്ഡേസ്കൂൾ നടപ്പിലാക്കുന്നത്. ഇതിനോടകം നാല് കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകിയ സണ്‍ഡേ സ്കൂൾ അടുത്തവർഷത്തേക്കുള്ള വീട് നിർമ്മാണം പ്രഖ്യാപിക്കുകയും ചെയ്തു. വീട് ആർക്കാണ് നിർമ്മിച്ച് നൽകുന്നതെന്ന് വിദ്യാർത്ഥികളടക്കമുള്ളവരോട് പരസ്യപ്പെടുത്താറില്ലെന്നതും പ്രത്യേകതയാണ്. വീട് പൂർത്തീകരിക്കുമ്പോൾ താക്കോൽ പള്ളിവികാരിയെ ഏൽപ്പിക്കുന്നു.
ഇതേ സണ്‍ഡേ സ്കൂളിലെ വിദ്യാർത്ഥികളാണ് എല്ലാവർഷവും കാരുണ്യ പദ്ധതിയുടെ ഗുണഭോക്താവ് എന്നതിലാണ് പേരുവിവരം വെളിപ്പെടുത്താത്തതെന്ന് അധ്യാപകർ പറയുന്നു. ഈ ക്രിസ്മസിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ വിദ്യാർത്ഥി പ്രതിനിധികൾ ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന് കൈമാറി. സണ്‍ഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ബോബിച്ചൻ നീധിരി എന്നിവർ പ്രസംഗിച്ചു.