2019 സെപ്റ്റംബർ ഒന്നിനു കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ, മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ പ്രകാശനം ചെയ്തു.
പാരമ്പര്യങ്ങളുടേയും വിശ്വാസത്തിന്റെയും പുണ്യഭൂമിയാണ് കുറവിലങ്ങാടെന്ന് മാർ ആന്റണി കരിയിൽ ലോഗോ പ്രകാശനമധ്യേ പറഞ്ഞു. ലോഗോ ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. ഫാ. മാത്യു കവളമ്മാക്കൽ ഏറ്റുവാങ്ങി. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, ജനറൽ കണ്‍വീനർ ഫാ. തോമസ് കുറ്റിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
വിശ്വാസവും പാരമ്പര്യവും ചേർത്തുനിറുത്തിയാണ് ലോഗോ ക്രമീകരിച്ചിരിക്കുന്നത്. കുറവിലങ്ങാട് സ്ലീവായുടെ പശ്ചാത്തലത്തിൽ കുറവിലങ്ങാട് നസ്രാണി സംഗമം എന്ന് രേഖപ്പെടുത്തിയാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. കുരിശിന്റെ നാല് ഇതളുകൾ കുറവിലങ്ങാട് നിന്ന് നാല് ദിശകളിലേക്ക് വളർന്ന് ക്രൈസ്തവ സഭയെ സൂചിപ്പിക്കുംവിധമാണ് ചിത്രീകരിച്ചിട്ടുള്ളത്. കുരിശിലെ നാല് മൊട്ടുകൾ കണക്കെയുള്ള ചിത്രീകരണം നാല് സുവിശേഷങ്ങളെ സൂചിപ്പിക്കുന്നു. കുരിശിലെ ചുവപ്പ് മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തേയും പശ്ചാത്തലത്തിലെ പർപ്പിൾ രാജകീയതയേയും വ്യക്തമാക്കുന്നു. കുരിശിനെ ചുറ്റിയുള്ള 12 വലയങ്ങൾ അപ്പസ്തോല പാരന്പര്യം വിളിച്ചോതുന്നു.