വിശ്വാസികൾ തിങ്ങി നിറഞ്ഞിരുന്ന ശ്രീലങ്കൻ തലസ്ഥാനത്തെ ദേവാലയങ്ങളിലും, മറ്റുചില ആഡംബര ഹോട്ടലുകളിലും ഈസ്റ്റർ ഞായറാഴ്ച നടന്ന ബോംബ് സ്പോടനകളിൽ മരണമടഞ്ഞവർക്കും പരുക്കേറ്റവർക്കും ഐക്യദാർഢ്യവും പ്രാർത്ഥനയുമായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം അംഗങ്ങൾ ദീപം തെളിച്ചു പ്രാർത്ഥനാസംഗമം നടത്തി. ചൂടേറിയ ഇലക്ഷൻ പ്രവർത്തങ്ങൾക്കും വോട്ടിങ് ദിനത്തിനുമിടയിൽ സമയം കണ്ടെത്തിയാണ് എസ്എംവൈഎം പ്രവർത്തകർ പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുചേർന്നത്. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, സഹവികാരിമാരായ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഭാരവാഹികൾ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ, വിശ്വാസികൾക്കുനേരെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ആക്രമണം ഹൃദയഭേദകമാണെന്നു പറഞ്ഞു. ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി സമ്മേളിച്ചിരിക്കേ ആക്രമണത്തിന് ഇരയായ ക്രൈസ്തവ സമൂഹത്തെയും ഇത്തരം ആക്രമണങ്ങൾക്കിരയായ എല്ലാവരെയും ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു. ദുരന്തത്തിനിരയായവർക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്നു നഗരത്തിനും ലോകത്തിനും ആശീർവാദം (ഉർബി എത് ഓർബി) നൽകിക്കൊണ്ടു മാർപാപ്പ പറഞ്ഞു.
ഈസ്റ്റർ ദിവ്യബലിയിലെ പ്രസംഗം ഒഴിവാക്കിയ മാർപാപ്പ (ഉർബി എത് ഓർബി) പ്രസംഗത്തിൽ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും നടമാടുന്ന അക്രമസംഭവങ്ങളെ അപലപിച്ചു. ഭിന്നത മറന്ന് സമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു. സിറിയൻ പ്രതിസന്ധിക്കു രാഷ്ട്രീയ പരിഹാരം കാണണമെന്നു നിർദേശിച്ച മാർപാപ്പ യെമനിൽ പട്ടിണിയും യുദ്ധവും മൂലം ദുരിതത്തിലായ കുട്ടികളുടെ കാര്യം പ്രത്യേകം പരാമർശിച്ചു.