കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഇന്നലെ പള്ളിമേടയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
ഒന്നാംനൂറ്റാണ്ടു മുതൽ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരുന്ന കുറവിലങ്ങാട്; പോർച്ചുഗീസ് അധിനിവേശത്തിൽ, ഗോവ മെത്രാനായിരുന്ന മെനെസിസ് (Aleixo de Menezes) വിളിച്ചുചേർത്ത 1599-ലെ ഉദയപേരൂർ സൂനഹദോസ് വരെ കുറവിലങ്ങാട് പകലോമറ്റം കുടുംബത്തിലെ അർക്കർദിയാക്കോന്മാരായിരുന്നു ഇന്ത്യ മുഴുവന്റെയും നസ്രാണിസമൂഹത്തിന്റെ തലവൻ. 17-ാം നൂറ്റാണ്ടിൽ നടന്ന കൂനൻകുരിശുസത്യവും തുടർന്ന് അർക്കദിയാക്കോനെ 1-ാം മാർതോമ്മയായി വാഴിച്ചതും, തുടർന്ന് റോമിൽനിന്നുണ്ടായ ഇടപെടലും തുടർന്ന് പഴയകൂറെന്നും പുത്തൻകൂറെന്നും നസ്രാണിസഭ രണ്ടു വിഭാഗങ്ങളായി ഭിന്നിക്കുകയും ചെയ്തപ്പോൾ പുത്തൻകൂർ വിഭാഗത്തിൽപെട്ട ധാരാളം നസ്രാണിമക്കൾ മാതൃഇടവകയായ കുറവിലങ്ങാട്ടുനിന്നും പലായനം ചെയ്ത്, മദ്ധ്യതിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി. അവരായിരുന്നു കുറവിലങ്ങാട്ടുനിന്നും ആദ്യമായി പ്രയാണം നടത്തിയ നസ്രാണികൾ. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടായ ലോകമഹായുദ്ധങ്ങളെ തുടർന്ന് ലോകത്തിന്റെ പലഭാഗത്തും പട്ടിണിയും ദാരിദ്ര്യവും ഉടലെടുത്തപ്പോൾ കുറവിലങ്ങാട്ടും അതിന്റെ അലയൊലികൾ ഉണ്ടാവുകയും, പട്ടിണിയും ദാരിദ്ര്യവും മാറ്റാൻ ഭക്ഷ്യവിളകൾക്കായി കൂടുതൽ കൃഷിഭൂമി തേടി മലബാർ, ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് കുറവിലങ്ങാട്ടുനിന്നും ആൾക്കാർ കുടിയേറി. അതായിരുന്നു രണ്ടാമത്തെ കുടിയിറക്കം. പിന്നീട് ആധുനികകാലത്ത് വിദ്യാസമ്പന്നരായവർ ഉദ്യോഗത്തിനായി വിദേശരാജ്യങ്ങളിലേക്ക് വൻതോതിൽ കുടിയേറി.
അതിവിശാലമായിരുന്ന കുറവിലങ്ങാട് ഇടവക, വിശ്വാസികളുടെ സൗകര്യാർത്ഥം അതിരമ്പുഴ, കുടമാളൂർ, കോതനല്ലൂർ, മുട്ടുചിറ, ഇലഞ്ഞി, രാമപുരം തുടങ്ങി വിവിധ ഫൊറോനാകളായി തിരിഞ്ഞു കുറവിലങ്ങാട്ടുനിന്നു വേർപെടേണ്ട സാഹചര്യം ഉണ്ടായി.
അങ്ങനെ വിവിധ കാരണങ്ങളാൽ കുറവിലങ്ങാട് ഇടവകയിൽനിന്ന് വേർപെട്ടവരും എന്നാൽ പൂർവ്വികർ മുതൽ ജന്മവും കർമ്മവും വഴി കുറവിലങ്ങാടുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സംഗമം ആണ് 2019 സെപ്റ്റംബർ ഒന്നിനു നടക്കുന്നത്. ഇവരുടെ പ്രതിനിധികളാണ് നസ്രാണി സംഗമത്തിനെത്തുന്നത്. മാർത്തോമ്മാ നസ്രാണി പാരമ്പര്യം പേറുന്ന ക്രൈസ്തവ സമൂഹങ്ങളുടെ തലവന്മാരടക്കം ഒരു വേദിയിലെത്തുന്ന സംഗമത്തിലേക്ക് വിദേശങ്ങളിലുള്ളവരടക്കം ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഗമത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിനകം 7500 പിന്നിട്ടു. കുറവിലങ്ങാട് ഇടവകാംഗമായിരുന്ന മിസിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലി ആദ്യഅംഗമായി ജനുവരി പതിമൂന്നിനാണു രജിസ്ട്രേഷൻ ആരംഭിച്ചത്.
ലോകത്തിൽ ആദ്യമായിട്ട് മാതാവിന്റെ പ്രത്യക്ഷീകരണം, അർക്കദിയാക്കോന്മാരുടെ ഭരണസിരാകേന്ദ്രം, പ്രഥമ ഏതദ്ദേശിയ മെത്രാൻ പറമ്പിൽ ചാണ്ടി മെത്രാന്റെ (Alexander de Campo) കത്തീഡ്രൽ ദേവാലയം, പൊന്തിഫിക്കൽ അധികാരങ്ങളോടുകൂടിയ വികാരി ജനറാൾ നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മവും കർമ്മവും നടന്ന നാട്, 475 വർഷം പിന്നിട്ട, തുടർച്ചയായി ശ്രാദ്ധം നടത്തിപ്പോരുന്ന പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ ഇടവക, സിറോ മലബാർ സഭയിലെ പ്രഥമ ആർക്കി എപ്പിസ്കോപ്പൽ ദേവാലയം എന്നിങ്ങനെയുള്ള പ്രത്യേകതകളും കുറവിലങ്ങാടിന്റെ ചരിത്രസവിശേഷതകളാണ്.
നസ്രാണി മഹാസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 17 കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. ഇന്നലെ നടന്ന നേതൃസംഗമം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ജനറൽ കണ്വീനർ ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, കോ-ഓർഡിനേറ്റർ ഡോ. ടി.ടി മൈക്കിൾ, വിവിധ കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ പ്രസംഗിച്ചു.