ഉണരാം ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനവുമായി മാർത്തോമ്മയുടെ ശ്ലൈഹിക പാരന്പര്യ സംഗമം കുറവിലങ്ങാട്ട് നസ്രാണി സംഗമം എന്ന പേരിൽ സെപ്റ്റംബർ ഒന്നിന് നടക്കും. സീറോ മലബാർ സഭയിലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് 15,000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം നടക്കും. സംഗമത്തിന്റെ ആദ്യഘട്ടമായുള്ള മരിയൻ കണ്വൻഷൻ ഇന്നു സമാപിക്കും.
കൂനൻകുരിശുവരെ ഒരുസഭയായി വളർന്നു പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാർ സഭാ ഭരണത്തിനു നേതൃത്വം നൽകിയ കുറവിലങ്ങാട്ട് ഒരു വേദിയിലെത്തും.
ഞായറാഴ്ച രാവിലെ മരിയൻ സിന്പോസിയം ദേവമാതാ കോളജ് ഇ ലേണിംഗ് സെന്ററിൽ നടക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്യും. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം റിലേറ്റർ മോണ്‍. ഡോ. പോൾ പള്ളത്ത്, റോമിലെ ക്ലരീറ്റിയം പ്രഫസർ റവ.ഡോ. ജോർജ് ളാനിത്തോട്ടം, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസർ റവ.ഡോ. ജയിംസ് പുലിയുറുന്പിൽ മോഡറേറ്ററായിരിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.30ന് ഡോക്യുമെന്ററി പ്രദർശനം. തുടർന്ന് സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ അധ്യക്ഷതവഹിക്കും. സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർത്തോമാ സഭയുടെ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭയുടെ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭയുടെ മാർ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ സ്വാഗതം ആശംസിക്കും.
ഉമ്മൻ ചാണ്ടി എംഎൽഎ, ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടം, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ്ബ്രിട്ടൻ ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ, മൂവാറ്റുപുഴ ബിഷപ് മാർ യൂഹനോൻ മാർ തെയഡോഷ്യസ്, സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം, ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, പാലാ രൂപത പാസ്റ്ററൽ കൗണ്‍സിൽ പ്രസിഡന്റ് ഡോ. സിറിയക് തോമസ് എന്നിവർ പ്രസംഗിക്കും.
മുത്തിയമ്മ ഫെലോഷിപ്പ് ഓഫ് നസ്രാണീസ് അംഗത്വവിതരണോദ്ഘാടനം സീറോമലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവഹിക്കും. പാലാ രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ ആദ്യ അംഗത്വം സ്വീകരിക്കും. ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കെട്ടിടത്തിന്റെ നാമകരണം പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറന്പിൽ നിർവഹിക്കും. മെമന്റോ വിതരണോദ്ഘാടനം മോണ്‍. പോൾ പള്ളത്ത് നിർവഹിക്കും. അഷ്ടഭവന പദ്ധതി സമർപ്പണം ജോസ് കെ. മാണി എംപി നിർവഹിക്കും. എട്ട് ഭൂരഹിത കുടുംബങ്ങൾക്കു സ്ഥലവും വീടും നൽകുന്ന പദ്ധതിയാണ് അഷ്ടഭവന പദ്ധതി.
അഷ്ടഭവനങ്ങളുടെ താക്കോൽദാനം തോമസ് ചാഴികാടൻ എംപി, കേന്ദ്രന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, പാലാ രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, സഭാതാരം ഡോ. എ. ടി ദേവസ്യ, സഭാതാരം ജോണ്‍ കച്ചിറമറ്റം എന്നിവർ നിർവഹിക്കും. പദ്ധതി പ്രായോജകരായ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികൾ താക്കോൽ ഏറ്റുവാങ്ങും. സീനിയർ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ നന്ദി പ്രകാശിപ്പിക്കും. സ്നേഹവിരുന്നോടെ സമാപിക്കും.
ഇന്നു മരിയൻ കണ്‍വൻഷനിൽ ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അത്തനേഷ്യസ് സമാപനസന്ദേശം നൽകും. പത്രസമ്മേളനത്തിൽ പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ കണ്‍വീനർ ഷാജി മങ്കുഴിക്കരി, കോർ കമ്മിറ്റിയംഗങ്ങളായ ബെന്നി കൊച്ചുകിഴക്കേടം, ജിമ്മി പാലയ്ക്കൽ, ടാൻസണ് പൈനാപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.