
കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ, കുറവിലങ്ങാട് നസ്രാണി മഹാസംഗമ സ്മാരകമായി കിടപ്പാടം ഇല്ലാത്തവർക്ക് നിർമ്മിച്ച അഷ്ട ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാരം വിതരണവും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
കുറവിലങ്ങാട് ഇടവകയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗയാണ് എട്ട് ഭൂരഹിതർക്ക് സ്ഥലവും വീടും സമ്മാനിച്ചത്. ഇടവകയുടെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യഭവന പദ്ധതിയുടെയും മുത്തിയമ്മ ഭവന നിർമ്മാണ പദ്ധതിയുടെയും തുടർച്ചയായാണ് അഷ്ടഭവനങ്ങൾ പൂർത്തീകരിച്ചത്.
ഇടവകാംഗമായ ജോസഫ് പുതിയിടം കാരുണ്യവർഷത്തിൽ പള്ളിക്കു ദാനമായി നൽകിയ 30 സെന്റ് സ്ഥലത്താണ് എട്ട് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. അറുപത് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് വീടുകളുടെ നിർമ്മാണം നടത്തിയത്. ഇതിന് പുറമേ പൊതുമുറ്റവും ചുറ്റുമതിലും ഒരുക്കിയിട്ടുണ്ട്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നിർദേശങ്ങൾക്കനുസൃതമായി സഹവികാരി ഫാ. തോമസ് കുറ്റിക്കാട്ട്, സോണ്‍ ലീഡർ ബിജു താന്നിയ്ക്കതറപ്പേൽ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. യോഗപ്രതിനിധികളുടെയും കുടുംബകൂട്ടായ്മ ഭാരവാഹികളുടെയും നേതൃത്വവും ഭവനനിർമ്മാണ പദ്ധതിക്കു നേട്ടമായി.
പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, പി.എം. മാത്യു എക്സ്എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
തിരുക്കർമങ്ങളിൽ ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത്, പാലാ രൂപത ഹോം പ്രൊജക്ട് ഡയറക്ടർ ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോണ്‍ എടേട്ട് എന്നിവർ സഹകാർമികരായി.