നോന്പിന്റെ ശക്തിയാൽ തിന്മയെ നിഗ്രഹിക്കണം: മാർ ജേക്കബ് മുരിക്കൻ
കുറവിലങ്ങാട്: നോന്പിന്റെ ശക്തിയാൽ തിന്മയെ നിഗ്രഹിക്കാൻ എട്ടുനോന്പിന്റെ ദിനങ്ങളിൽ പരിശ്രമിക്കണമെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ എട്ടുനോന്പിന്റെ ആദ്യദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. സത്യവിശ്വാസത്തിൽ നിന്നകറ്റാൻ സാത്താന്റെ കെണികൾ സജീവമാണ്. വിശ്വാസത്തിൽ നിന്നും വിശുദ്ധിയിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങൾ ലോകമെങ്ങും നടക്കുകയാണ്. നിഷ്കളങ്കരായ കുട്ടികളെപ്പോലും തിന്മയ്ക്കു കീഴ്പ്പെടുത്തുന്നു. വിശ്വാസത്തിൽ ആഴപ്പെടാനും കുടുംബനവീകരണത്തിനുള്ള നോന്പിൽ എല്ലാവരും പങ്കാളികളാകണം. ജപമാലഭക്തിയിൽ ആഴപ്പെടണമെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. നോന്പിന്റെ രണ്ടാംദിവസമായ ഇന്നു രാവിലെ പത്തിന് ഉള്ളനാട് ഇടവക വികാരി ഫാ. ജോസ് കോട്ടയിലും നാളെ പാലാ രൂപത വികാരി ജനറാൾ മോണ്. സെബാസ്റ്റ്യൻ വേത്താനത്തും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഇന്ന് സൗഖ്യദിനാചരണവും നാളെ സംഘടനാദിനാചരണവും നടക്കും.
സ്തുതിഗീതങ്ങളിൽ നിറഞ്ഞ് തിരുനാൾ കൊടിയേറി
കുറവിലങ്ങാട്: അകലങ്ങളിലിരുന്നുള്ള അനേകായിരങ്ങളുടെ പ്രാർഥനകളും സ്തുതിഗീതങ്ങളും സമ്മാനിച്ച ഭക്തിനിർഭര അന്തരീക്ഷത്തിൽ ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങൾ മാനിച്ച് അനേകായിരങ്ങളാണ് അകലങ്ങളിലിരുന്ന് തിരുക്കർമങ്ങളിൽ പങ്കാളികളായത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തിരുനാൾ കൊടിയേറ്റി. സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ, ഫാ. ജോസഫ് അന്പാട്ട്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, റസിഡന്റ് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ മന്പള്ളിക്കുന്നേൽ എന്നിവർ തിരുക്കർമങ്ങളിൽ കാർമികരായി.
തിരുനാളിന് കൊടിയേറിയതിനൊപ്പം ഇടവകയിലെ ജപമാലമണിക്കൂറിനും ആരംഭമായി. ഇടവകയിലെ മൂവായിരത്തിഒരുനൂറിലേറെയുള്ള കുടുംബങ്ങളും ഒരു പ്രത്യേക ജപമാലയർപ്പിച്ച് ദൈവമാതാവിന്റെ മാധ്യസ്ഥത്തിലൂടെ കൊറോണയടക്കമുള്ള ദുരിതങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാനായി നിയോഗമർപ്പിച്ച് പ്രാർഥിക്കും. നേരിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അനേകരാണ് വിവിധ ദൃശ്യമാധ്യമങ്ങളിലൂടേയും തത്സമയവുമുള്ള സംപ്രേഷണത്തിലൂടെ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുന്നത്.