ഫാത്തിമ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ഫാത്തിമമാതാ സന്ദേശയാത്രയ്ക്കു കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ സ്വീകരണം നൽകി. വൈകിട്ട് ഏഴരയോടെ എത്തിച്ചേർന്ന സന്ദേശയാത്രയെ ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, സെപ്ഷൽ കണ്ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ എന്നിവരുടേയും വിശ്വാസികളുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. ഫാത്തിമമാതാവിന്റെ തിരുസ്വരൂപം വണങ്ങി അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനായി ആയിരക്കണക്കിനു വിശ്വാസികളാണ് ദേവാലയത്തിൽ എത്തിയത്.
പോർച്ചുഗലിലെ ഫാത്തിമായിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കെ.സിബിസി കരിസ്മാറ്റിക് കണ്വൻഷന്റെ നേതൃത്വത്തിൽ പോർച്ചുഗലിൽനിന്നും കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള സന്ദേശയാത്ര പാലാ രൂപതയിലെ അവസാന കേന്ദ്രത്തിലെ സ്വീകരണത്തിന് എത്തിച്ചേർന്നത്.
പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ, മാലാഖമാരുടെ വേഷവിധാനങ്ങൾ ധരിച്ച കുട്ടികളുടെയും മുത്തുക്കുടകളും മുത്തിയമ്മകുടകളുമേന്തിയ വിശ്വാസികളുടെയും മധ്യത്തിലൂടെ തിരുസ്വരൂപം ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ പാലാരൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമ്മികത്വത്തിൽ ദേവാലയത്തിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ തിരുസ്വരൂപം പ്രതിഷ്ഠിച്ച ശേഷം ലദീഞ്ഞ്, ജപമാല, ഫാത്തിമാ സന്ദേശത്തിന്റെ വിശദീകരണം എന്നിവ നടന്നു.
പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ, കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ മെന്പർ ഫാ.ജോസഫ് കോയിക്കൽ, ഫാ.തോമസ് ഓലായത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദേശയാത്ര എത്തിയത്.
രാത്രി മുഴുവൻ സമയവും ദേവാലയത്തിൽ പ്രതിഷ്ഠിചിരുന്ന തിരുസ്വരൂപത്തിനുമുമ്പിൽ ജാഗരണപ്രാർത്ഥനയും ആരാധനയും ജപമാലയും മരിയൻ സന്ദേശവും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ തിരുക്കർമങ്ങൾക്കു ശേഷം 7.30 ഓടെ സന്ദേശയാത്ര അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കു യാത്ര തുടരും.