ഫാത്തിമമാതാ സന്ദേശയാത്രയ്ക്കു 26ന് ചൊവ്വാഴ്ച രാത്രി 7.30നു കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ സ്വീകരണം നൽകും. പോർച്ചുഗലിലെ ഫാത്തിമായിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കെസിബിസി കരിസ്മാറ്റിക് കണ്‍വെൻഷന്റെ നേതൃത്വത്തിൽ പോർച്ചുഗലിൽ നിന്നും കൊണ്ടുവന്ന ഫാത്തിമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള സന്ദേശയാത്ര നടക്കുന്നത്.
26ന് വൈകുന്നേരം ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയിൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഫാത്തിമാതാവിന്റെ തിരുസ്വരൂപം കുറവിലങ്ങാട് പള്ളിയിൽ എത്തിക്കുന്നത്.
1682 വർഷങ്ങൾക്ക് മുൻപ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട കുറവിലങ്ങാട്ടെ മണ്ണിലേക്ക് ഫാത്തിമമാതാവിന്റെ തിരുസ്വരൂപം രണ്ടാംപ്രാവശ്യം എത്തുമ്പോൾ നാടിന്റെ സ്മരണകളിൽ 1949ൽ നൽകിയ സ്വീകരണത്തിന്റെ ചിത്രം മിന്നിമറയും. AD-335ൽ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമെന്ന നിലയിൽ ഫാത്തിമമാതാവിന്റെ തിരുസ്വരൂപത്തിന് 68 വർഷങ്ങൾക്കുമുമ്പ്, 1949ൽ ഉജ്വല സ്വീകരണം നൽകിയിരുന്നു. ഇക്കുറി ഫാത്തിമാപ്രത്യക്ഷത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് ഫാത്തിമാമാതാവിന്റെ തിരുസ്വരൂപമെത്തുന്നത്.
ജപമാലപ്രദിക്ഷിണത്തോടും തുടർന്ന് രാത്രി മുഴുവൻ നീളുന്ന അഖണ്ഡജാഗരണ പ്രാർത്ഥനയോടെയുമാണ് ഇടവകസമൂഹം തിരുസ്വരൂപത്തെ സ്വീകരിക്കുന്നത്. തിരുസ്വരൂപം 27ന് രാവിലെ 7.30ന് ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിലേക്ക് കൊണ്ടുപോകും.