മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവലായം സ്പെഷൽ കൺഫെസർ ഫാ. ജോർജ് നിരവത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഇന്നു നടക്കും.
ഇന്ന് 2.30 ന് കൃതജ്ഞതാബലിയർപ്പണം. തുടർന്ന് മാർത്തോമ്മാ നസ്രാണി ഭവനിൽ ഇടവകയുടെ അനുമോദനസമ്മേളനം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളംമാക്കൽ, കൈക്കാരന്മാർ, യോഗപ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
1942 ജൂൺ 22 ന് വയലാ നിരവത്ത് എസ്തപ്പാൻ-മറിയാമ്മ ദന്പതികളുടെ മകനായി ജനിച്ച ഫാ. ജോർജ് വയലായിലും മരങ്ങാട്ടുപിള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം നടത്തി. 1969 ഡിസംബർ 19 ന് മാർ സെബാസ്റ്റ്യൻ വയലിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു. കാഞ്ഞിരത്താനം, ഭരണങ്ങാനം ഇടവകകളിൽ അസി. വികാരിയായും നെല്ലാപ്പാറ, ശാന്തിപുരം, മറ്റക്കര, പൂഞ്ഞാർ ഫൊറോന, ഇലഞ്ഞി ഫൊറോന, മണ്ണാറപ്പാറ, തീക്കോയി ഫൊറോന, പ്ലാശനാൽ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. പത്ത് ഇടവകകളിൽ അജപാലനശുശ്രൂഷ ചെയ്യാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് ഫാ. ജോർജ് നിരവത്ത് പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്നത്.