നിങ്ങൾക്ക് ആഗ്രഹിക്കുന്ന സർക്കാർ ജോലി നേടണോ? വിദ്യാഭ്യാസ മേഖലയിലെ സ്കോളർഷിപ്പുകൾ ആവശ്യമില്ലേ? ഇഡബ്ല്യുഎസ് അടക്കമുള്ള സ്കോളർഷിപ്പുകൾ നേടിയെടുക്കേണ്ടേ? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരവും വഴിയുമൊരുക്കുന്ന കൂട്ടായ്മ ശ്രദ്ധനേടുന്നു.
കുറവിലങ്ങാട്ടാണ് വേറിട്ട സേവനമേഖലയൊരുക്കി മുതിർന്നവരുടെയും യുവജനങ്ങളുടെയും കൂട്ടായ്മയിൽ പുത്തൻ മുന്നേറ്റം നടക്കുന്നത്. മർത്ത്മറിയം അക്കാദമി ഓഫ് റിക്രൂട്ട്മെന്റ് ഗൈഡൻസ് ആന്ഡ് മോട്ടിവേഷൻ (മാർഗം) എന്ന പേരിലാണ് കൂട്ടായ്മ. കുറവിലങ്ങാട് ഇടവകയും ദേവമാതാ കോളജും എസ്എംവൈഎം യൂണിറ്റും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സംസ്ഥാനമാകെ ഈ മുന്നേറ്റം സഹായമേകി. മാർഗത്തിന്റെ നിർദേശത്തിലൂടെ നേടിയെടുത്ത ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റുകൾ ഒട്ടേറെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിൽ നേട്ടമായി.
കുട്ടികൾക്ക് കംപ്യൂട്ടർ ലാബ് സൗകര്യം സൗജന്യമായി നൽകി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പിഎസ്സി, എസ്എസ്സി എന്നിങ്ങനെയുള്ള ഏജൻസികളിലും രജിസ്റ്റർ ചെയ്യുന്ന പ്രവർത്തനം തുടരുന്നുണ്ട്. ആർമി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ബാച്ചിന്റെ കായിക പരിശീലനം ഉടൻ പൂർത്തീകരിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകളും പരിശീലനപരിപാടികളും പ്രയോജനപ്പെടുത്തുന്ന അടുത്തഘട്ടം ഉടൻ ആരംഭിക്കും. സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.
വിദ്യാഭ്യാസരംഗത്ത് ഒന്നേകാൽ നൂറ്റാണ്ടായുള്ള പ്രവർത്തനപരിചയവും എൽകെജി മുതൽ ഗവേഷണം വരെയുള്ള പഠനസൗകര്യങ്ങളും സമ്മാനിക്കുന്ന കുറവിലങ്ങാട് പുത്തൻ സംരംഭത്തിലൂടെ വലിയമുന്നേറ്റത്തിനുള്ള പരിശ്രമത്തിലാണ്.