കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾ കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ സംഗമിച്ചു. മാർ യൗസേഫ് പിതാവിന്റെ മരണത്തിരുനാൾ ദിനമായിരുന്ന ഇന്നലെ വൈകുന്നേരമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫും എൽഡിഎഫ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജും ഇവിടെയെത്തിയത്. ഇവർക്കു പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും കപ്പേളയിലെത്തി. കപ്പേളയിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ നടന്ന ഇടവകയിലെ കുടുംബ വർഷാചരണത്തിലും നസ്രത്ത് തിരുക്കുടുംബ ഭവനനിർമാണ പദ്ധതി ഉദ്ഘാടനത്തിലും സ്ഥാനാർത്ഥികൾ പങ്കെടുത്തു. വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനും മെത്രാനെയും വൈദികരെയും കണ്ട് അനുഗ്രഹംതേടാനും സ്ഥാനാർത്ഥികൾ സമയം കണ്ടെത്തി.
ആദ്യമെത്തിയത് സ്റ്റീഫൻ ജോർജ് , തുടർന്ന് മോൻസ് ജോസഫും എത്തി. ഇരുവരും പ്രാർത്ഥനകളിൽ പങ്കെടുത്ത് മടങ്ങാനൊരുങ്ങവേയാണ് ലിജിൻ ലാൽ എത്തിയത്.