ജന്മവും കർമ്മവും വഴി പുണ്യ-പുരാതീനമായ കുറവിലങ്ങാടിനോടു ചേർന്നുനിൽക്കുന്ന വർത്തമാനകാല നസ്രാണി തലമുറയുടെ പ്രതിനിധികളെ വരവേൽക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമം കുറവിലങ്ങാടിന്റെ ചരിത്രമുന്നേറ്റമായി മാറും. കുറവിലങ്ങാട് നസ്രാണി മഹാംസംഗമ വിളംബര സമ്മേളനം ഇന്നലെ നടന്നു.
2019 സെപ്റ്റംബർ ഒന്നിനാണ് മഹാസംഗമം. കുറവിലങ്ങാട് നിന്നും വിവിധ പ്രദേശങ്ങളിലേക്കും വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും കുടിയേറിയവരുടെ പ്രതിനിധികളാണ് സംഗമത്തിൽ എത്തിച്ചേരുക. വിവാഹം വഴി വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറിയവരുടെ പ്രതിനിധികളും പങ്കെടുക്കും. വിവിധ കുടിയേറ്റമേഖലകളും മഹാകുടുംബയോഗങ്ങളും വിവിധ അസോസിയേഷനുകളും വഴി പരമാവധി പ്രചാരണം നടത്താനാണ് തീരുമാനം. സീറോ മലങ്കര, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ, ശൂറായ സഭകളിലെ മേലധ്യക്ഷന്മാരടക്കം പങ്കെടുക്കുന്ന സംഗമത്തിൽ സീറോ മലബാർ സഭാ ആത്മീയനേതൃത്വത്തിനൊപ്പം കുറവിലങ്ങാടിനോടു ഒത്തുചേർന്ന അത്മായ നേതാക്കളും പങ്കെടുക്കും.സംഗമത്തിന്റെ ഭാഗമായി അന്തർദേശീയ മരിയൻ സെമിനാറുകളും സംഘടിപ്പിക്കും. പതിനായിരം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
സംഗമത്തിന്റെ പ്രചാരണാർഥം കേരളപ്പിറവിദിനം മുതൽ 81 വിളംബര കൂട്ടായ്മകൾ നടത്താനും യോഗം തീരുമാനിച്ചു. കുറവിലങ്ങാടിന്റെ ചരിത്രമുന്നേറ്റമായി നസ്രാണി മഹാസംഗമം മാറുമെന്ന് വിളംബരം ഉദ്ഘാടനം ചെയ്ത ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.ജനറൽ കൺവീനർ ഫാ. തോമസ് കുറ്റിക്കാട്ട്, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ക്ലരീഷ്യൻ സന്യാസ സഭ സുപ്പീരിയർ ഫാ. ജോസ് പുളിങ്കുന്നേൽ, ടി ഒ ആർ സന്യാസസഭ പ്രതിനിധി റവ.ഡോ. രാജീവ് തെന്നാട്ടിൽ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിലേക്ക് ഓൺലൈൻ-ഓഫ്ലൈൻ രജിസ്ട്രേഷനുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാവുന്നതായി സംഘാടക സമിതി അറിയിച്ചു.