ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് ദേവാലയത്തിനു സ്ഥാനനിർണ്ണയം നടത്തിയ, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട്ടേക്കു ഫ്രാൻസിസ് മാർപാപ്പയ്ക്കു ഔദ്യോഗികക്ഷണം. മാർപാപ്പ കുറവിലങ്ങാട്ടെത്തണമെന്ന നാനാജാതി മതസ്ഥരായവരുടെ ആഗ്രഹം കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ മാർപാപ്പയെ അറിയിച്ചു. 2012 മുതൽ 2014 വരെ കുറവിലങ്ങാട് പള്ളിയിൽ സഹവികാരിയായിരുന്ന ഫാ. ഇമ്മാനുവൽ പാറേക്കാട്ടുവഴിയാണ് മാർപാപ്പയെ ക്ഷണപത്രം നൽകി കുറവിലങ്ങാട്ടേക്കു ക്ഷണിച്ചത്. ആർച്ച്പ്രീസ്റ്റ് ഇറ്റാലിയൻ ഭാഷയിൽ തയാറാക്കിയ ക്ഷണപത്രമാണ് ഫാ. ഇമ്മാനുവൽ പാറേക്കാട്ട് മാർപാപ്പായ്ക്കു കൈമാറിയത്.
റോമിൽ ഉപരിപഠനം നടത്തുന്ന ഫാ. ഇമ്മാനുവൽ പാറേക്കാട്ട് മുമ്പ് മാർപാപ്പയെ സന്ദർശിച്ചവേളയിൽ മരിയൻ തീർത്ഥാടനകേന്ദ്രമായ കുറവിലങ്ങാട്ട് സേവനം ചെയ്തതായി അറിയിച്ചപ്പോൾ ഈ സ്ഥലം സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്വകാര്യസന്ദർശനത്തിന് അവസരം ലഭിച്ചപ്പോൾ രേഖാമൂലം ക്ഷണപത്രം നൽകിയത്. സന്തോഷസൂചകമായി മുത്തിയമ്മയുടെ തിരുസ്വരൂപം കൈമാറുകയും ചെയ്തു. തടിയിൽ തീർത്ത രൂപമാണ് സമ്മാനിച്ചത്. വിശ്വാസിസമൂഹത്തിന് അനുഗ്രഹാശംസകൾ നേരുന്നതായും മാർപാപ്പ അറിയിച്ചു.
ലോകത്തിൽ ആദ്യമായി, ഒന്നാം നൂറ്റാണ്ടിൽത്തന്നെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലമെന്നും സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കിഎപ്പിസ്കോപ്പൽ ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയമെന്നും രേഖപ്പെടുത്തിയാണ് രൂപം നൽകിയത്. കരുണയുടെ വിശുദ്ധ കവാടം തുറന്നതിലൂടെ 342 ദിനരാത്രങ്ങൾ തുടർച്ചയായി പ്രാർത്ഥന നടത്താനുള്ള അവസരം സമ്മാനിച്ചതിൽ ഇടവകയിലെ മൂവായിരത്തിലധികം കുടുംബങ്ങളുടെ പേരിൽ മാർപാപ്പയ്ക്കു പ്രത്യേകം നന്ദിയറിയിച്ചു.
പ്രഥമ തദ്ദേശീയ മെത്രാന്റെ ഭരണസാരഥ്യം, അർക്കദിയാക്കോന്മാരുടെ ജന്മനാടും ഭരണസിരാകേന്ദ്രവും, സിറോ മലബാർ സഭയിലെ ഏറ്റവും വലിയ ഇടവക എന്നിങ്ങനെ പ്രത്യേകതകളുള്ള കുറവിലങ്ങാട്ട് ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന ആത്മാർഥമായ ആഗ്രഹം കത്തിലൂടെ അറിയിച്ചിട്ടുള്ളതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു.