കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനക്കളരി കാരുണ്യത്തിന്റെ പാഠങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നതായി. ആറുദിവസങ്ങളിലായി മുപ്പത്തിയെട്ട് മണിക്കൂറായിരുന്നു പരിശീലനം. ഒന്ന് മുതല്‍ 12 വരെയുള്ള ക്ളാസുകളിലെ 1300 കുട്ടികളാണ് ഒത്തുചേര്‍ന്നത്. വീടില്ലാത്ത സഹപാഠിക്ക് ഒരു വീടുനിര്‍മിച്ച് നല്കാന് ഓരോ ദിവസവും പഴയ പത്രങ്ങളും നോട്ടുബുക്കുകളും ശേഖരിച്ചു. ആകെ ഒരുടണ്ണോളം തൂക്കത്തില്‍ പഴയ പത്രങ്ങള്‍ ശേഖരിക്കാനായി. ഒപ്പം കുട്ടികളുടെ വീടുകളില്‍ സ്ഥാപിച്ച കുടുക്കകളില്‍ നിന്നായി അറുപതിനായിരത്തോളം രൂപയും നല്കി. നിര്‍ധനരെ സഹായിക്കാന്‍ 750 കിലോ പിടിയരി ശേഖരിച്ചു ശേഖരിച്ചു. അരി അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തു. കുട്ടികള്‍ അഗതിമന്ദിരങ്ങളില്‍ 465 പൊതിച്ചോറ് എത്തിച്ചുനല്‍കി. വിദ്യാര്ത്ഥികളെത്തിച്ച ഭക്ഷണം പരസ്പരം കൈമാറി ഭക്ഷിച്ചും സ്നേഹവിരുന്ന് സംഘടിപ്പിച്ചും വിദ്യാര്‍ത്ഥികള്‍ സ്നേഹോഷ്മളത വിളിച്ചോതി.
ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാഹിത്യാഭിരുചിയും വിശ്വാസവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. വ്യക്തിത്വ വികസന പദ്ധതികളും അഭിമുഖങ്ങളും ചര്‍ച്ചയും കുട്ടികൾ നടത്തി.
ഒത്തുചേരലിന്റെ ഭാഗമായി കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണം, ചരിത്രസംഭവങ്ങള്‍ എന്നിവയ്ക്ക് ദൃശ്യാവിഷ്കാരമൊരുക്കി നടത്തിയ റാലിയും ശ്രദ്ധേയമായി. സുറിയാനി കുർബാനയിലെ ഗാന / സംഗീത പരിശീലത്തിനും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 25 പഠന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
12 വർഷത്തെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ 130 പേർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി ആദരിച്ചു.
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീർത്ഥാടന പള്ളി ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തില്‍, സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ.തോമസ് കുറ്റിക്കാട്ട് , ഹെഡ്മാസ്റ്റര് ബോബിച്ചന് നിധീരി, കണ്‍വീനര്‍ സിജോ രണ്ടാനിക്കല്‍, ലിജോ മുക്കം, സിറില്‍ കൊച്ചുമങ്കൂട്ടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരു ആഴ്ചവട്ടം നീണ്ട സംഗമം നടത്തിയത്.
കുറവിലങ്ങാട് ഇടവകാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന കുര്യനാട് സെന്റ് ആന്‍സ് വിശ്വാസപരിശീലന കേന്ദ്രത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് നെല്ലിക്കലിന്റെയും നസ്രത്ത്ഹില്‍ വിശ്വാസപരിശീലന കേന്ദ്രത്തില്‍ ഫാ. മാണി കൊഴുപ്പന്കുറ്റിയുടേയും നേതൃത്വത്തിലും ഒരാഴ്ചക്കാലം നീണ്ട സംഗമങ്ങളും പ്രവര്‍ത്തനങ്ങളും നടത്തി.