കുറവിലങ്ങാട് സെന്റ് മേരീസ് എച്ച്എസ്എസ് ശതോത്തര രജത ജൂബിലി നിറവിൽ എത്തി നിൽക്കുന്നു.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ പതാകയുയർത്തൽ ഇന്ന് രാവിലെ നടന്നു.
ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കുറവിലങ്ങാട്ട് പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനു തുടക്കമിട്ട സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെയും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണു തുടക്കംകുറിച്ചിരിക്കുന്നത്.
ഒട്ടേറെ വികസനങ്ങൾക്ക് നേതൃത്വം കൊടുത്ത കുറവിലങ്ങാട് പള്ളിയുടെ പള്ളിമേടയിൽ നിധീരിക്കൽ മാണിക്കത്തനാരുടെ അധ്യക്ഷതയിൽ നടന്ന പള്ളിയോഗത്തിൽ 126 വർഷങ്ങൾക്ക് മുമ്പെടുത്ത തീരുമാനം പൂവണിഞ്ഞ് ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഇടവക നടത്തിയ ഇടപെടലിൽ രാജ്യത്തിന് പ്രഥമപൗരനെയടക്കം സംഭാവനചെയ്യാൻ കഴിഞ്ഞുവെന്നത് ഇടവകയുടെയും നാടിന്റെയും കൂട്ടായ പരിശ്രമങ്ങൾക്കുള്ള തെളിവുമായി.
>>> കുറവിലങ്ങാട് പള്ളിയുടെ ഉടമസ്ഥതയിൽ 1919 മേയ് 15ന് ആരംഭിച്ച സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയുടെ നിറവിലും എത്തിനിൽക്കുന്നു. മർത്ത്മറിയം ഫൊറോന പള്ളി വികാരിയായിരുന്ന ഫാ. തോമസ് പുരയ്ക്കലിന്റെ ശ്രമഫലമായി ആദ്യപെണ്പള്ളിക്കൂടത്തിന് ആരംഭമായത്. ഒന്നും രണ്ടും ക്ലാസുകളോടെയായിരുന്നു തുടക്കം. കർമലീത്താ സന്യാസിനിമാരായിരുന്ന സിസ്റ്റർ അർക്കാഞ്ചല, സിസ്റ്റർ എവുപ്രാസിയ എന്നിവരാണ് ആദ്യനാളുകളിൽ അറിവിന്റെ വാതായനം തുറന്നുനൽകിയത്. <<<
125 വർഷത്തെ വളർച്ചയുടെ പ്രയാണത്തിൽ പതിനായിരങ്ങളെ അക്ഷരലോകത്തേക്ക് എടുത്തുയർത്താൻ ഈ വിദ്യാലയങ്ങൾക്ക് കഴിഞ്ഞത് ആരംഭകാലത്ത് മർത്ത്മറിയം ഫൊറോന പള്ളി നടത്തിയ കഠിനാധ്വാനവും കഷ്ടപ്പാടുകളും വഴിയാണ്.
ക്രാന്തദർശിയും ബഹുഭാഷാ പണ്ഡിതനുമായ നിധീരിക്കൽ മാണിക്കത്തനാർ 1884 ൽ കുറവിലങ്ങാട് പള്ളിയുടെ പടിപ്പുരമാളികയിലും വാദ്യപ്പുരയിലുമായി തുടക്കമിട്ട സ്കൂളാണ് ഇന്ന് വളർന്ന് പന്തലിച്ച് 125 വർഷം പിന്നിടുന്നത്. 1907ൽ സെന്റ് മേരീസ് ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂളായും 1921ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായും 1925 ൽ സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും 1998ൽ ഹയർ സെക്കൻഡറി സ്കൂളായും ഈ വിദ്യാലയം വികസനത്തിന്റെ പടവുകൾ പിന്നിട്ടു.
ദിവാൻ ശങ്കരസുബ്ബയ്യയും ദിവാൻ പേഷ്കാർ രാജരാജയ്യയും കുറവിലങ്ങാട്ടെത്തി സ്കൂളും പള്ളിയും സന്ദർശിച്ച് സ്കൂളിന് ഗ്രാന്റ് അനുവദിച്ചതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുറവിലങ്ങാട്ട് നടത്തിയ നീക്കം റെസിഡന്റ് സായ്പിന്റെ പ്രശംസയ്ക്കും അവസരം നൽകിയതായും രേഖകളുണ്ട്.
മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ, മുൻമന്ത്രി കെ.എം. മാണി എംഎൽഎ, ബിഷപ് ജോസഫ് മിറ്റത്താനി, ബിഷപ് ഡോ. ജോർജ് മാമലശേരി, മുൻ എംഎൽഎമാരായിരുന്ന പ്രഫ. ഒ. ലൂക്കോസ്, പി.എം. മാത്യു, നെഹ്റുവിന്റെ സാമ്പ ത്തിക ഉപദേഷ്ടവായിരുന്ന ഡോ. പി.ജെ. തോമസ്, അക്കൗണ്ടന്റ് ജനറലായിരുന്ന കെ.പി. ജോസഫ്, പ്രഥമ ഡിഐജിയായിരുന്ന പോൾ മണ്ണാനിക്കാട് തുടങ്ങിയവർ സെന്റ് മേരീസിന്റെ പുത്രന്മാരിൽ പ്രമുഖരാണ്.
വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം 2008 ൽ അഗ്നിക്കിരയാക്കപ്പെട്ടെങ്കിലും നാടിന്റെയും പൂർവ്വവിദ്യർത്ഥികളുടെയും സഹായത്തോടെ അതേ രീതിയിൽ പുനർനിർമിച്ചതും സ്കൂളിന്റെ വേറിട്ട ചരിത്രമാണ്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 820 വിദ്യാർഥികൾ ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രത്തിലുണ്ട്.
റവ.ഡോ. ജോസഫ് തടത്തിൽ മാനേജരും എ.എം. ജോസുകുട്ടി പ്രിൻസിപ്പലും കെ.വി. മിനിമോൾ ഹെഡ്മിസ്ട്രസുമായാണ് സ്കൂളിനെ 125-ാം വർഷം നയിക്കുന്നത്.
സ്കൂളിന്റെ ശതോത്തര ജൂബിലി ആഘോഷങ്ങൾക്ക് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയോടൊന്നിച്ച് 26 നു തുടക്കമാകും.
നാളെ 4 മണിക്ക് മുത്തിയമ്മ ഹാളിൽ നടക്കുന്ന ഇരു സ്കൂളുകളുടെയും സംയുക്ത വാർഷിക ആഘോഷങ്ങളുടെ സമ്മേളനം നിയമസഭാ സ്പീക്കർ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കെ എം മാണി എം എൽ എ മുഖ്യാതിഥി ആകും