കുറവിലങ്ങാട്ട് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകി വിവിധ കർമ്മ മണ്ഡലങ്ങളിലേക്ക് എടുത്തുയർത്തിയ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജത ജൂബിലിയും, സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെ ശതാബ്ദിയും അറിയിച്ചുകൊണ്ട് കുറവിലങ്ങാട് നഗരത്തിൽ വിളംബരറാലി നടത്തി.
സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിൽ നിന്നാരംഭിച്ച റാലി പഞ്ചായത്ത് ബസ് സ്റ്റാൻഡ് ചുറ്റി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. കൊടിയും കടലാസുപൂക്കളും ബഹുവർണ വസ്ത്രങ്ങളുമായി നിരത്തിലിറങ്ങിയ ആയിരക്കണക്കായ വിദ്യാർഥികൾ നാടിനെയൊന്നാകെ സമ്മേളനത്തിലേക്കും ആഘോഷങ്ങളിലേക്കും ക്ഷണിക്കുന്നതിന് തുല്യമായി മാറി റാലി. അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും മാനേജ്മെന്റും ജനപ്രതിനിധികളും വിദ്യാർഥികൾക്കൊപ്പം റാലിയിൽ കൈകോർത്തു.
റാലി മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റാലിയെത്തുടർന്ന് പ്രിൻസിപ്പൽ എ.എം. ജോസുകുട്ടി, ഹെഡ്മിസ്ട്രസുമാരായ കെ.വി. മിനിമോൾ, സിസ്റ്റർ. ലിസ മാത്യൂസ് എന്നിവർ ചേർന്ന് പതാക ഉയർത്തി.
ആഘോഷങ്ങൾക്ക് ഇന്ന് തിരിതെളിയും. ഇന്ന് 4.30 ന് കുറവിലങ്ങാട് പള്ളിയുടെ പാരിഷ്ഹാളിലാണ് ആഘോഷങ്ങൾക്ക് തിരശീല ഉയരുക. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനം പൂർവവിദ്യാർഥിയായ കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി ജൂബിലി സന്ദേശം നൽകും. മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ ആമുഖപ്രഭാഷണവും മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും കോർപറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണവും നടത്തും. സമ്മേളനാനന്തരം മർത്ത്മറിയം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടക്കും.