2018 ആഗസ്റ്റ് മാസം 13 നു ആദ്യത്തെ മഹാപ്രളയത്തിൽ ദുരിതത്തിലായിരുന്ന കുട്ടനാട്ടിലെ മഹേന്ദ്രപുരം ഗ്രാമത്തിലേക്ക്, കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്കൂളിൽ നിന്ന് അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തുചേർന്നു സമാഹരിച്ച ഉൽപ്പന്നങ്ങളും തുകയും മറ്റു അത്യാവശ്യ വസ്തുക്കളുമായി പുറപ്പെട്ടു. അധ്യാപികയായ സിസ്റ്റർ ലിസ്യൂ റാണിയുടെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഘം വിവിധ ഭവനങ്ങൾ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു.
ആശ്വാസത്തിന്റെ കരങ്ങൾ നീട്ടിയ വിദ്യാർത്ഥികൾക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ സമ്മാനിച്ചു. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളാണ് നാടിനും വീടിനും അഭിമാനമായി മാറി ആദരവ് നേടിയത്.
ആ മഹാപ്രളയകാലത്ത് കുട്ടനാട്ടിലെ മഹേന്ദ്രപുരത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരായി സേവനം ചെയ്ത വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകി ആദരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും ചേർന്നാണ് അനുമോദനം നടത്തിയത്. പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രശംസാപത്രങ്ങൾ നൽകി. ദുരിതാശ്വാസക്യാമ്പിലേക്ക് കുട്ടികളെ അയച്ച മാതാപിതാക്കളെയും സമ്മേളനം ആദരിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, അധ്യാപകരായ കെ.വി. ജോർജ്, പി.എ. തോമസ്, സിസ്റ്റർ ലിസ്യൂ റാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു