സഹോദരമഹാത്മ്യത്തിന്റെ കരുത്തിൽ പാലാ രൂപതാതല കലോത്സവത്തിൽ പരിചമുട്ടിന്റെ കപ്പ് അഞ്ചാംതവണയും കുറവിലങ്ങാടിന്. പരിശീലകരും പങ്കാളികളുമായി മൂന്ന് സഹോദരരുടെ സാന്നിധ്യത്തിൽ വിജയികൾക്കു സഹോദരമഹാത്മ്യവും വിളന്പി നൽകാനായി.
കഴിഞ്ഞവർഷങ്ങളിൽ വിജയികളായ വിദ്യാർഥികളെ പ്രധാന പരിശീലകന്റെ അഭാവത്തിൽ പരിശീലകവേഷം കെട്ടിച്ച തന്ത്രം കൂടിയാണ് വിജയത്തിന് കാരണമായത്.
കോഴാ കണ്ണന്താനം സാജു-അനി ദന്പതികളുടെ മൂന്നു മക്കളാണ് ടീമിൽ സാന്നിധ്യത്തിലൂടെ കരുത്തേകിയത്. കഴിഞ്ഞ വർഷങ്ങളിൽ കുറവിലങ്ങാട് ടീമിൽ അംഗമായിരുന്ന ജോർജ് സാജുവും സഹോദരൻ അലൻ സാജുവും ഇക്കുറി പരിശീലക വേഷത്തിലായിരുന്നു. ഇവരുടെ സഹോദരൻ അൽജോ സാജു ടീമിലെ സജീവ അംഗവുമായിരുന്നു. ചെറുപ്പത്തിന്റെ കരുത്തും നിരന്തരപരിശീലനവും പ്രോത്സാഹനവുമാണ് വിജയത്തിന് കാരണമായതെന്ന് സംഘാംഗങ്ങൾ പറയുന്നു.
സെന്റ് മേരീസ് ബോയ്സ് എൽപി സ്കൂളിലെ സ്റ്റേജിൽ മാസങ്ങളായി ബെന്നി കൊച്ചുകിഴക്കേടത്തിന്റെ സജീവസാന്നിധ്യത്തിലും മണർകാട് കുഞ്ഞപ്പൻ ആശാന്റെ ശിക്ഷണത്തിലും നടന്ന കഠിനാധ്വാനം ഇടവകയ്ക്കും അഭിമാനമായി. പരിചമുട്ടിനൊപ്പം മാർഗംകളിയിലും റന്പാൻപാട്ടിലും ഒന്നാംസ്ഥാനം കൈപ്പിടിയിലൊതുക്കാൻ കുറവിലങ്ങാടിന്റെ മിടുക്കർക്ക് കഴിഞ്ഞു.
വിജയികളെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സണ്‍ഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി എന്നിവർ അഭിനന്ദിച്ചു.