രണ്ടു ദിവസങ്ങളിലായി കുറവിലങ്ങാട്ടെ 16 വേദികളിലായി കലയുടെ കേളികെട്ടൊരുക്കിയ കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിനു ഇന്നലെ ദേവമാതാകോളേജിൽ നടന്ന സമ്മേളനത്തോടെ പരിസമാപ്തിയായി. സമ്മേളനദിനങ്ങളിൽ മിന്നുംതാരങ്ങളായി കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ മൂന്നു മിടുക്കരായ വിദ്യാർത്ഥികൾ നാടിന്റെ കണ്മണികളായി… കെ.സി.എസ്.എൽ രൂപതാ സെക്രട്ടറികൂടിയായ ലൂസി തോമസ് ആദ്യദിനത്തിൽ താരമായെങ്കിൽ ജിയാ ഷീൻ, ആഗ്നൽ സോനു എന്നിവർ രണ്ടാം ദിനത്തിലും താരങ്ങളായി.
കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ താരമായത് ആറാം ക്ലാസുകാരി ലൂസി തോമസ്. ഉദ്ഘാടന പ്രസംഗത്തിനിടയിൽ അൽപ്പനേരം വൈദ്യുതി നിലച്ചപ്പോൾ വിദ്യാർത്ഥികൾക്കു പാട്ടുപാടാമെന്ന് ഉദ്ഘാടന സന്ദേശം നൽകിക്കൊണ്ടിരുന്ന ഏബ്രഹാം മാർ ജൂലിയോസ് തിരുമേനി അറിയിച്ചപ്പോൾത്തന്നെ ലൂസി അമാന്തമൊന്നുമില്ലാതെ കൂളായി ഭക്തിഗാനം പാടി സദസിനെ കയ്യിലെടുത്തു. ലൂസിക്കൊപ്പം സമ്മേളനഹാളിൽ ഉ ണ്ടായിരുന്നവർ ഒന്നാകെ ഗാനം ഏറ്റുപാടിയപ്പോൾ വലിയ ഒരു തരംഗം തന്നെ ഹാളിൽ ഉയർത്തി. ഉദ്ഘാടന സമയം ലൂസിയെ വേദിയിലേക്ക് വിളിച്ച് ആദ്യ തിരി തെളിക്കാനും തിരുമേനി നിർദേശിച്ചു. ലൂസി നിലവിളക്കിലേക്ക് നാളം പകരുമ്പോൾ സമ്മേളന വേദിയായ മാർത്തോമ്മാ നസ്രാണി ഭവൻ കരഘോഷത്താൽ നിറഞ്ഞു.
കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പാന മത്സരത്തിൽ ജിയാ ഷീൻ 1st A ഗ്രേഡ് കരസ്ഥമാക്കി. യു.പി വിഭാഗം മോണോ ആക്ട് മത്സരത്തിൽ 2nd A ഗ്രേഡ് ആഗ്നൽ സോനു കരസ്ഥമാക്കി.
കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിൽ ചങ്ങനാശേരി അതിരൂപതയ ഓവറോൾ കീരിടം നേടി. 315 പോയിന്റുമായാണ് മുൻവർഷങ്ങളിലെ ജേതാക്കൾ കീരിടം കൈപ്പിടിയിലൊതുക്കിയത്. കോതമംഗലം രൂപത 304 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 286 പോയിന്റുള്ള ഇടുക്കിയാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ പാലാ രൂപത 271 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
ഹയർസെക്കണ്ടറി വിഭാഗത്തിൽ ചങ്ങനാശേരി അതിരൂപത (113 പോയിന്റ്), കോതമംഗലം രൂപത (107). ഇടുക്കി രൂപത (105) എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ പാലാ രൂപത (120) ഒന്നാംസ്ഥാനത്തെത്തി. ഇടുക്കി രൂപത, ചങ്ങനാശേരി അതിരൂപത എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യുപി വിഭാഗത്തിൽ 117 പോയിന്റുള്ള കോതമംഗലമാണ് ഒന്നാംസ്ഥാനത്ത്. ചങ്ങനാശേരി അതിരൂപത രണ്ടാംസ്ഥാനവും പാലാ രൂപത മൂന്നാംസ്ഥാനവും നേടി. സാഹിത്യോത്സവത്തിൽ ചങ്ങനാശേരി അതിരൂപത ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇടുക്കി, കോതമംഗലം രൂപതകളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
കുറവിലങ്ങാട്ടെ16 വേദികളിലായി ഒരുക്കിയ കലാമത്സരം പങ്കാളിത്തവും സംഘാടക മികവും വഴി ഏറെ ശ്രദ്ധയും അംഗീകാരവും നേടി. ആയിരത്തിലേറെ പ്രതിഭകൾ മാറ്റുരച്ച മത്സരങ്ങളുടെ സമാപന സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സഭയുടെ സൗന്ദര്യമാണ് ക്രൈസ്തവ കലകൾ സമ്മാനിക്കുന്നതെന്നും കത്തോലിക്കാ സഭയുടെ ഇന്ധനം കുട്ടികളാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്താനാപ്പിള്ളിൽ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, പാലാ രൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, ആർച്ച്പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തിൽ, സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറമ്പി ൽ, സംസ്ഥാന ജനറൽ ട്രഷറർ മനോജ് ചാക്കോ, രൂപത ജനറൽ ഓർഗനൈസർ കെ.ജെ സോജൻ, ഹെഡ്മാസ്റ്റർമാരായ ജോർജുകുട്ടി ജേക്കബ്, മാർട്ടിൻ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യൂസ്, കെസിഎസ്എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫിലിഫ്സ് സിബിച്ചൻ, രൂപത സെക്രട്ടറി ക്രിസ്റ്റി സണ്ണി എന്നിവർ പ്രസംഗിച്ചു.
ഫ്രാൻസിലെ ഒരു ഇടവകയിൽനിന്നുള്ള മുപ്പതോളം പേർ കുറവിലങ്ങാട് പള്ളി സന്ദർശിക്കാനും കലോത്സവനഗരിയിലെത്തി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനുംമുന്നിരയിലായിരുന്നു. ഇവർ ഫാ. ഡേവിഡ് ജെൻസിനൊപ്പമെത്തിയതു കുട്ടികൾക്ക് വലിയ ആവേശമേകി.