കത്തോലിക്കാ വിദ്യാർഥി സഖ്യമായ കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിൽ തിളങ്ങിയത് വിദ്യാർഥികളുടെ സംഘശക്തി. ഘോഷയാത്രയിലും സമ്മേളനത്തിലും വിദ്യാർഥികളുടെ സാന്നിധ്യവും നേതൃത്വവും വ്യക്തമായിരുന്നു. ഒരു നൂറ്റാണ്ട് മുൻപ് കുറവിലങ്ങാട്ടുകാരനായ സാന്പത്തിക ഉപദേഷ്ടാവ് ഡോ. പി.ജെ. തോമസിന്റെ നേതൃത്വത്തിൽ ഉടലെടുത്ത പ്രസ്ഥാനത്തിന്റെ കലോത്സവത്തിനാണ് കുറവിലങ്ങാട് ആതിഥ്യമരുളുന്നതെന്നത് വിദ്യാർഥികളുടെ ആവേശം ഇരട്ടിപ്പിച്ചു. പ്രസ്ഥാനത്തിന്റ ആദ്യ പ്രസിഡന്റ് കുറവിലങ്ങാട്ടുകാരനായ ജോണ് നിധീരിയാണെന്നതും വിദ്യാർഥികളുടെ സന്തോഷം ഇരട്ടിപ്പിച്ചു. പാടിയും പറഞ്ഞും കൂട്ടുകൂടിയും നടന്ന് കലോത്സവത്തിന്റെ ആദ്യദിനം കുറവിലങ്ങാട്ടെ കുട്ടിക്കൂട്ടം നന്നേ ആസ്വദിച്ചു.
വിശുദ്ധരുടെയും നേതാക്കളുടെയുമൊക്കെ വേഷമണിഞ്ഞാണ് വിദ്യാർഥിക്കൂട്ടം ഘോഷയാത്രയിൽ പങ്കെടുത്തത്. സാരിയും ബ്ലൗസുമൊക്കെ ഒരേ നിറത്തിലണിഞ്ഞ് മുതിർന്നവർ എത്തിയപ്പോൾ കുരുന്നുകൾ ഒരേ നിറത്തിൽ സംഘശക്തിയറിയിച്ചു.
വിളംബര ഘോഷയാത്ര ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറന്പിൽ, സംസ്ഥാന, രൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.